എം മുകുന്ദൻ്റെ പേര് നൽകാനുള്ള തീരുമാനം ഇന്നലെ ചേർന്ന ജില്ലാ പഞ്ചായത്തിന്റെ അവസാന യോഗത്തിൽ
കണ്ണൂർ :- മയ്യഴി പുഴയോരത്ത് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും വയോജനങ്ങൾക്കുമായി നിർമിച്ച പാർക്ക് മയ്യഴിയുടെ കഥാകാരൻ എം മുകുന്ദന്റെ നാമത്തിൽ അറിയപ്പെടും. ന്യൂമാഹി പാർക്കിന് കഥാകരൻ എം മുകുന്ദന്റെ നാമധേയം നൽകാൻ പ്രസിഡണ്ട് കെ വി സുമേഷിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു.
മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾക്കുള്ള ആദരമായാണ് ഇത്. പാർക്കിന്റെ ഉദ്ഘാടന വേളയിൽ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനാണ് എം മുകുന്ദൻ മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് പാർക്കിന് അദ്ദേഹത്തിന്റെ പേര് നൽകാൻ നിർദേശിച്ചത്. അഞ്ച് വർഷം പൂർത്തിയാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ അവസാന യോഗമാണ് ബുധനാഴ്ച നടന്നത്.
അഞ്ച് വർഷം ജില്ലയുടെ വികസനത്തിനുവേണ്ടി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒന്നിച്ചു നിൽക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അംഗങ്ങൾ പങ്കിട്ടു. ജില്ലയുടെ പൊതുവായ വികസനത്തിനുതകുന്ന ക്രിയാത്മകവും മാതൃകാപരവുമായ പദ്ധതികൾ ഈ കാലയളവിൽ നടപ്പാക്കാനായെന്ന് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു.
പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കും സാധ്യതകൾക്കും അനുസരിച്ച് സാങ്കേതിക വിദ്യയെ വികസന-ഭരണ പ്രക്രിയയിൽ ഉപയോഗപ്പെടുത്താൻ ജില്ലാ പഞ്ചായത്ത്ശ്രമിച്ചിട്ടുണ്ട്. വികസനത്തിനായി കോർത്തിണക്കി എല്ലാവരെയും ഐക്യത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞതാണ് മാതൃകാപരമായ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കാൻ സഹായകമായതെന്നും അദ്ദേഹം പറഞ്ഞു.
ഈ കാലയളവിൽ ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകിയ ജില്ലാ ഭരണകൂടം, നിർവഹണ ഉദ്യോഗസ്ഥർ, സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർക്കെല്ലാം അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. ചിലപ്പോഴൊക്കെ വിയോജിപ്പുകൾ പരസ്പരം ഉയർത്തേണ്ടി വന്നിട്ടുണ്ടെങ്കിലും വികസന പദ്ധതികളുടെ കാര്യത്തിൽ യോജിച്ചു പ്രവർത്തിക്കാനായെന്ന് കോൺഗ്രസ് നേതാവ് തോമസ് വർഗീസ്, മുസ്ലിംലീഗ് പ്രതിനിധി അൻസാരി തില്ലങ്കേരി എന്നിവർ പറഞ്ഞു.
യോഗത്തിൽ വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ പി ജയബാലൻ, വി കെ സുരേഷ്ബാബു, കെ ശോഭ, ടി ടി റംല, സെക്രട്ടറി വി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജുവിന്റെ ആകസ്മിക നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.