എ.എസ്.ഐ. കുഞ്ഞിനാരായണന് നാട് വിട നൽകി

എ.എസ്.ഐ. കുഞ്ഞിനാരായണന്റെ മൃതദേഹം ശ്രീകണ്ഠപുരം സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ചപ്പോൾ

ശ്രീകണ്ഠപുരം :- 
ബൈക്കപകടത്തിൽ മരിച്ച ശ്രീകണ്ഠപുരം സ്റ്റേഷനിലെ എ.എസ്.ഐ. കുഞ്ഞിനാരായണന് കണ്ണീരോടെ ശ്രീകണ്ഠപുരത്തുകാർ വിടനൽകി. ഡ്യൂട്ടി കഴിഞ്ഞ് പോകുന്നതിനിടെ ബൈക്കിന് കുറുകെ നായ ചാടിയതിനെത്തുടർന്ന് വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കുഞ്ഞിനാരായണന്റെ ജീവനെടുത്ത അപകടമുണ്ടാകുന്നത്. വാരിയെല്ലിന് ഗുരുതരമായ ക്ഷതമേറ്റ അദ്ദേേഹത്തെ പോലീസും നാട്ടുകാരും ചേർന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സൗമ്യനായ പോലീസുകാരനായിരുന്നു സഹപ്രവർത്തകർ ബഹുമാനപുരസ്സരം ‘കുഞ്ഞി’ എന്ന് വിളിക്കാറുള്ള കുഞ്ഞിനാരായണൻ. ജോലിചെയ്ത എല്ലാ സ്റ്റേഷനുകളിലും സൗഹൃദം സൂക്ഷിച്ചിരുന്ന ഇദ്ദേഹത്തിന്റെ വേർപാട് പലരും ഞെട്ടലോടെയാണ് കേട്ടത്. ഡിവൈ.എസ്.പി.യുടെയും സി.ഐ.യുടെയും സ്ക്വാഡിൽ അംഗമായിരുന്നു. മികച്ച വോളിബോൾ കളിക്കാരൻ കൂടിയായിരുന്നു കുഞ്ഞിനാരായണൻ. 1999-ൽ പോലീസ് സർവീസിൽ പ്രവേശിച്ച അദ്ദേഹം കണ്ണൂർ, ഉളിക്കൽ, പയ്യാവൂർ സ്റ്റേഷനുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

മൃതദേഹം കണ്ണൂർ പോലീസ് ക്ലബ്ബിലും ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലും വീട്ടിലും പൊതുദർശനത്തിനുവെച്ച ശേഷം ബ്ലാത്തൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഡി.ജി.പി.ക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി യതീഷ്ചന്ദ്രയും ഐ.ജിക്കു വേണ്ടി എ.എസ്.പി. പ്രജീഷ് തോട്ടത്തിലും റീത്ത് സമർപ്പിച്ചു. ഡിവൈ.എസ്.പി.മാരായ പി.പി.സദാനന്ദൻ, കെ.വി.വേണുഗോപാൽ, ടി.കെ. രത്നകുമാർ, എ.വി.ജോൺ, എ.വി.പ്രദീപ്, ശ്രീകണ്ഠപുരം എസ്.എച്ച്.ഒ. ഇൻസ്പെക്ടർ ഇ.പി.സുരേശൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു

Previous Post Next Post