കണ്ണൂർ:- ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിൽ സീറ്റ് നിർണയം പൂർത്തിയായി. മുൻവർഷത്തെ അപേക്ഷിച്ച് ലീഗിന് രണ്ട് സീറ്റ് കൂടും. ആറ് സീറ്റിൽ അവർ മത്സരിക്കും. കേരളാ കോൺഗ്രസ് ജോസഫ്, സി.എം.പി., ആർ.എസ്.പി. എന്നിവർ ഓരോ സീറ്റിൽ മത്സരിക്കും. 15 സീറ്റിൽ കോൺഗ്രസ് മത്സരിക്കും.
കഴിഞ്ഞ തവണ ലീഗിന് ലഭിച്ച കൊളച്ചേരി ഡിവിഷൻ പട്ടികജാതി സംവരണ മണ്ഡലമായതിനാൽ കോൺഗ്രസിന് വിട്ടുകൊടുക്കുകയായിരുന്നു. അവിടെ മത്സരിച്ച കോൺഗ്രസിലെ അജിത് മാട്ടൂൽ വിജയിച്ചിരുന്നു. ഇത്തവണ ഈ ഡിവിഷൻ തിരിച്ചു വേണമെന്ന് ലീഗ് ആദ്യമേ ആവശ്യപ്പെടുകയും ആയത് ധാരണ പ്രകാരം ഇവിടെ നിന്ന് ലീഗ് മത്സരിക്കാൻ ധാരണയാവുകയും ചെയ്തു. ധാരണ പ്രകാരം ആർ.എസ്.പി. മയ്യിൽ ഡിവിഷനിലും മത്സരിക്കും.( Kolachery Varthakal Online)
കഴിഞ്ഞ തവണ മത്സരിച്ച ചെറുകുന്ന്, ചെമ്പിലോട്, വേങ്ങാട്, പരിയാരം എന്നിവയ്ക്കുപുറമെ കൊളച്ചേരി, കൊളവല്ലൂർ എന്നീ ഡിവിഷനുകളും ലീഗിന് ലഭിക്കും.
കൊളവല്ലൂർ ഡിവിഷൻ കഴിഞ്ഞ തവണ ജനതാദളിനായിരുന്നു. അവർ ലോക്‌താന്ത്രിക് ജനതാദളായി ഇടതിലേക്ക് പോയതോടെയാണ് ആ സീറ്റും ലീഗിന് നൽകിയത്. കേരളാ കോൺഗ്രസ്. സി.എം.പി. എന്നിവരുടെ മണ്ഡലം തീരുമാനിച്ചിട്ടില്ല. ആർ.എസ്.പി. മയ്യിൽ ഡിവിഷനിൽ മത്സരിക്കും. യു.ഡി.എഫിന്റെ സ്ഥാനാർഥിനിർണയം ഇതുവരെയായില്ലെങ്കിലും കെ.സി.മുഹമ്മദ് ഫൈസൽ, അധ്യാപകസംഘടനാ നേതാക്കളായ ഹരിദാസ് മൊകേരി, കെ.പി.ശശിധരൻ തുടങ്ങിയവർ മത്സരിക്കുമെന്നുറപ്പായിട്ടുണ്ട്.
അതിനിടെ കോർപ്പറേഷൻ സീറ്റ് നിർണയത്തിൽ ഒത്തുതീർപ്പാവാതെ ഞായറാഴ്ച നടന്ന ലീഗ് കോൺഗ്രസ് ചർച്ച ഒത്തുതീർപ്പിലെത്തിയില്ല. കഴിഞ്ഞതവണ പി.കെ.രാഗേഷ് മത്സരിച്ച പഞ്ഞിക്കൽ സീറ്റിനെ ചൊല്ലിയാണ് തർക്കം വീണ്ടും രൂക്ഷമായത്. ലീഗ് കഴിഞ്ഞ തവണ മത്സരിച്ച സീറ്റാണ് പഞ്ഞിക്കൽ. ആ സീറ്റിൽ പി.കെ.രാഗേഷ് റിബലായി മത്സരിച്ചപ്പോൾ ലീഗ്സ്ഥാനാർഥി തോറ്റു.
ആ സീറ്റ് ലീഗിന് തന്നെ വേണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. അതേസമയം, അത് ഒരു കാരണവാശാലും വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറല്ല.
പഞ്ഞിക്കൽ വിട്ടുകൊടുക്കണമെങ്കിൽ വാരംസീറ്റ് വേണമെന്നും അവർ ആവശ്യപ്പെടുന്നു. വാരം ലീഗിന് മുൻതൂക്കമുള്ള സ്ഥലമാണ്. കഴിഞ്ഞതവണ സംവരണമണ്ഡലമായതിനാൽ കോൺഗ്രസിലെ ധനേശ്ബാബുവാണ് അവിടെ മത്സരിച്ച് വിജയിച്ചത്. തലശ്ശേരി നഗരസഭയിൽ എൽ.ഡി.എഫിലെ ഘടകകക്ഷികൾ മത്സരിക്കുന്ന വാർഡുകൾ തീരുമാനിച്ചു. സ്ഥാനാർഥികളെയും നിശ്ചയിച്ചു.
സി.പി.എം. മുൻപത്തെപോലെത്തന്നെ 43 സീറ്റിൽ മത്സരിക്കും. സി.പി.ഐ. അഞ്ചുസീറ്റിലും. ഐ.എൻ.എൽ. രണ്ട് സീറ്റിലും മത്സരിക്കും. എൻ.സി.പിയും ജനതാദൾ എസും ഓരോ സീറ്റിലും മത്സരിക്കുന്നുണ്ട്. യു.ഡി.എഫിൽ കോൺഗ്രസും ലീഗും 2015-ലെ പോലെത്തന്നെ മത്സരിക്കും. എൻ.ഡി.എ. ഇക്കുറി മുഴുവൻ വാർഡുകളിലും മത്സരിക്കും. ഘടകക്ഷികളിൽ ബി.ഡി.ജെ.എസിന് മാത്രമാവും സീറ്റ്.
യൂത്തുകോൺഗ്രസ് നേതാവായ ജുബിലിചാക്കോയും സ്ഥാനാർഥിയാവും. പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജാ സെബാസ്‌റ്റ്യൻ, ഷിജിനടുപ്പറമ്പിൽ എന്നിവരും കോൺഗ്രസ് സ്ഥാനാർഥികളാവും.