മയ്യിൽ :- മയ്യിൽ പഞ്ചായത്തിൽ എട്ട് വാർഡുകളിലെ വോട്ടർമാർ, സ്ഥാനാർഥികൾ, പോളിങ് ഉദ്യോഗസ്ഥർ, ബൂത്ത് ഏജന്റുമാർ എന്നിവർക്ക് പൂർണമായ തോതിൽ പോലീസ് സംരക്ഷണം ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി.
യു.ഡി.എഫിന്റെ ഒന്ന്, അഞ്ച്, ഏഴ്, 14, 15, 16, 17, 18 വാർഡുകളിലെ സ്ഥാനാർഥികളായ പി.മഞ്ജുഷ, കെ.ലീലാവതി, കെ.പി.ചന്ദ്രൻ, കെ.സി.റിഷ, മജീദ് മൊട്ടമ്മൽ, അൻസാരി മൊട്ടമ്മൽ, ജിനീഷ് ചാപ്പാടി എന്നിവർ ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയിലാണ് വിധി വന്നത്. ബൂത്തുകളിൽ വെബ് ക്യാമറ, വീഡിയോഗ്രാഫി എന്നിവ ലഭ്യമാക്കാനും ഉത്തരവായിട്ടുണ്ട്.
ദീർഘകാലമായി വിദേശത്ത് താമസിക്കുന്നവർ, നാട്ടിലില്ലാത്തവർ, ഒരുകാരണവശാലും വോട്ടുചെയ്യാൻ സാധിക്കാത്തവർ എന്നിവരുടെ പട്ടിക തയ്യാറാക്കി ഹരജിക്കൊപ്പം കോടതിമുമ്പാകെ സ്ഥാനാർഥികൾ ഹാജരാക്കിയിരുന്നു. ഇത്തരം വോട്ടുകൾ ചെയ്യാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉറപ്പും ഹൈക്കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. മയ്യിൽ പഞ്ചായത്തിൽ ഇത്തരത്തിലുള്ള 700-ഓളം വോട്ടുകളാണ് ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ളത്.