ഏർണ്ണാകുളം :- തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തില്‍ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ തന്നെ മോക് പോളിംഗ് ആരംഭിച്ചിരുന്നു. കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. പോളിംഗ് സ്റ്റേഷനുകളിലേക്ക് വോട്ടര്‍മാര്‍ എത്തി തുടങ്ങിയിട്ടുണ്ട്. കൊവിഡ് പശ്ചാതലത്തില്‍ കര്‍ശന സുരക്ഷായോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കോട്ടയം, എറണാകുളം, വയനാട് ജില്ലകളില്‍ മേല്‍ക്കൈ നിലനിര്‍ത്തുകയാണ് യുഡിഎഫ് ലക്ഷ്യം. തൃശൂരിലും പാലക്കാട്ടും ആധിപത്യം നിലനിര്‍ത്തുന്നതിനൊപ്പം ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്തേയും ഇടതു ചേരിയിലാക്കുകയാണ് എല്‍ഡിഎഫിന്റെ ഉന്നം. പാലക്കാട് നഗരസഭയില്‍ കഴിഞ്ഞ തവണ ലഭിച്ച ഭരണം നിലനിര്‍ത്തുക, തൃശൂര്‍ കോര്‍പറേഷനില്‍ വന്‍ മുന്നേറ്റം നടത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.
കോട്ടയത്ത് എല്‍ഡിഎഫ് – യുഡിഎഫ് പോരാട്ടം എന്നതിനേക്കാള്‍ കേരള കോണ്‍ഗ്രസിലെ ജോസ് – ജോസഫ് പക്ഷങ്ങളുടെ കൊമ്പുകോര്‍ക്കലാണ് ശ്രദ്ധേയം. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസിനെ ഈ തെരഞ്ഞെടുപ്പ് നിശ്ചയിക്കുമെന്നാണ് ഇരുവരുടേയും അവകാശ വാദം. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സഭാ തര്‍ക്കം അടക്കം നിരവധി വിഷയങ്ങള്‍ വേറെയുമുണ്ട്. എറണാകുളത്ത് കിഴക്കമ്പലത്ത് ട്വന്റിട്വന്റി, കൊച്ചി നഗരസഭയില്‍ വീഫോര്‍ കൊച്ചി തുടങ്ങിയ കൂട്ടായ്മകള്‍ മുന്നണികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.