കൊവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ജാഗ്രതയോടെ സമ്മതിദാനാവകാശം രേഖപ്പെടുത്താം. പൊതുജനങ്ങള്‍ പോളിംഗ് സ്റ്റേഷന് പരിസരത്ത് സാമൂഹ്യ അകലം പാലിക്കണം. വായും മൂക്കും മൂടുന്ന വിധം ശരിയായ രീതിയില്‍ മാസ്ക് ധരിച്ചു മാത്രമേ വോട്ട് ചെയ്യാന്‍ പോകാവൂ. പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും കൈകള്‍ അണുവിമുക്തമാക്കണം. ബൂത്തില്‍ തിരിച്ചറിയല്‍ സമയത്ത് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാത്രം മാസ്ക് മാറ്റുക. രജിസ്റ്റര്‍ ഒപ്പിടാനുള്ള പേന കൈയില്‍ കരുതേണ്ടതാണ്. വോട്ട് ചെയ്ത ശേഷം കൂട്ടം കൂടി നില്‍ക്കരുത്.
പോളിംഗ് ബൂത്തിലെത്തുന്ന സമ്മതിദായകര്‍ പ്രിസൈഡിംഗ് ഓഫീസറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള പോളിംഗ് ഓഫീസറുടെയോ മുമ്പാകെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ രേഖയോ അല്ലെങ്കില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള വോട്ടര്‍ സ്ലിപ്പോ ഹാജരാക്കേണ്ടതാണ്. ഇവ കൂടാതെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവ് മുമ്പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നിവയും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.