ഷിഗെല്ല: ജാഗ്രത വേണം

 


കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ഷിഗെല്ല. വയറിളക്കം, വയറു വേദന, ചര്‍ദ്ദി, പനി, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാല്‍ മലത്തോടൊപ്പം രക്തവും കാണാന്‍ സാധ്യതയുണ്ട്. മലിന ജലത്തിലൂടെയും കേടായ ഭക്ഷണങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. ഗുരുതരാവസ്ഥയിലെത്തിയാല്‍ മരണം വരെ സംഭവിക്കാവുന്ന പകര്‍ച്ചവ്യാധിയാണ് ഷിഗെല്ല. അതിനാല്‍ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടണം. കൂടാതെ രോഗം വ്യാപിക്കാതിരിക്കാന്‍ ഈ മുന്‍കരുതലുകള്‍ സ്വീകരിക്കണം.


തിളപ്പിച്ചാറ്റിയ വെളളം മാത്രം കുടിക്കുക.


ഭക്ഷണത്തിനു മുമ്പും മല വിസര്‍ജ്ജനത്തിനു ശേഷവും കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് വൃത്തിയാക്കുക.


തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുക.


കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡയപ്പറുകള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുക.


പഴകിയതോ കേടായതോ ആയ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കാതിരിക്കുക.


പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക.


ഭക്ഷണ പദാര്‍ഥങ്ങള്‍ ശരിയായ വിധം അടച്ചു സൂക്ഷിക്കുക.


രോഗലക്ഷണമുളളവര്‍ പാചകം ചെയ്യുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുക.


രോഗലക്ഷണങ്ങളുളള കുട്ടികളെ മറ്റുളളവരുമായി ഇടപഴകുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തുക.


കക്കൂസ്, കുളിമുറി എന്നിവ അണുനശീകരണം നടത്തുകയും വീടും പരിസരവും ശുചിയായി സൂക്ഷിക്കുകയും ചെയ്യുക.


കുടിവെളള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക.


രോഗിയുമായി നേരിട്ടുളള സമ്പര്‍ക്കം ഒഴിവാക്കുകയും എപ്പോഴും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യുക.


രോഗ ലക്ഷണമുളളവര്‍ നിര്‍ജ്ജലീകരണം ഒഴിവാക്കുന്നതിന് ഒ ആര്‍ എസ് ലായനി, ഉപ്പിട്ട കഞ്ഞിവെളളം എന്നിവ കഴിക്കുക.

Previous Post Next Post