കണ്ണൂർ :- ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ നാരായണ നായ്ക് അറിയിച്ചു. പുതുവര്‍ഷത്തില്‍ വൈദ്യ ശാസ്ത്രമേഖല കൊവിഡ് വാക്‌സിനെ കുറിച്ചുള്ള പ്രതീക്ഷയിലാണ്. എന്നാല്‍ നാം ഇതുവരെ പിന്തുടര്‍ന്ന നിയന്ത്രണങ്ങളും കരുതലും തുടര്‍ന്നും പാലിച്ചെങ്കില്‍ മാത്രമേ കൊവിഡ് മുക്തമായ ഒരു നാളെ നമുക്ക് സൃഷ്ടിക്കാന്‍ സാധിക്കൂ എന്നും ഡി എം ഒ പറഞ്ഞു.
ക്രിസ്തുമസ് പുതുവത്സര ആഘോഷവേളയില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. ക്രിസ്തുമസിന്റെ ഭാഗമായ കരോള്‍, വീടുകളിലെ ഒത്തുചേരലുകള്‍, മറ്റ് ആഘോഷ പരിപാടികള്‍ എന്നിവയെല്ലാം കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു മാത്രം നടത്തണം. എപ്പോഴും സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കാനും കൈകള്‍ അണുവിമുക്തമാക്കാനും ശ്രദ്ധിക്കണം. കുട്ടികള്‍, പ്രായമായവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേകം കരുതല്‍ നല്‍കണം. പുതുവത്സര ദിനത്തില്‍ കൂട്ടംകൂടിയുള്ള കലാപരിപാടികളും മത്സരങ്ങളും മറ്റ് ആഘോഷങ്ങളും ഒഴിവാക്കണമെന്നും ഡി എം ഒ അറിയിച്ചു.