ഒരു റെയിൽവേ സ്റ്റേഷനിൽ ഇത്തരം ഒരു സംവിധാനം നിലവിൽ വരുന്നത് ഇന്ത്യയിൽ തന്നെ ആദ്യം ; ഉദ്ഘാടനം നാളെ രാവിലെ 11 ന്
കണ്ണൂർ :- കോവിഡ് വ്യാപനം നിയന്ത്രണാതീതമായി മാറുന്ന സാഹചര്യത്തിൽ കെ.സുധാകരൻ എം.പി മുൻകൈ എടുത്ത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഓട്ടോമാറ്റിക് തെർമൽ സ്മാർട്ട് ഗേറ്റ് യാഥാർത്ഥ്യമാക്കി.
നാളെ രാവിലെ 11 ന് മേയറും ജില്ലാ കലക്ടറും ഉയർന്ന റെയിൽവേ ഉദ്യോഗസ്ഥരും സന്നിഹിതരാകുന്ന ചടങ്ങിൽ തെർമ്മൽ സ്മാർട്ട് ഗേറ്റ് കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും.
കെ.സുധാകരൻ എം.പി യുടെ നിർദ്ദേശമനുസരിച്ച് മണപ്പുറം ഫിനാൻസ് ആണ് ഗേറ്റ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള എല്ലാ ചിലവുകളും സ്പോൺസർ ചെയ്തിട്ടുള്ളത്.
ഈ സുരക്ഷ ഗേറ്റ് വഴി കടന്ന് പോകുന്ന എല്ലാ യാത്രക്കാരുടേയും ഫോട്ടോ,അവരുടെ ശരീര താപനില, എത്ര ആളുകൾ കടന്നു പോയി എന്ന വിവരം റെയിൽവേ അതോറിറ്റിക്കും, ആരോഗ്യ വകുപ്പിനും കിട്ടത്തക്കവിധത്തിൽ ഉള്ള സംവിധാനമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്.
ജനങ്ങൾ സ്റ്റേഷനിൽ കൂട്ടം കൂടി നിന്ന് സുരക്ഷ ഉദ്യോഗസ്ഥരുടെ പരിശോധന കഴിഞ്ഞ് പ്ലാറ്റ് ഫോംമിലേക്ക് കയറുന്ന നിലവിലെ സാഹചര്യം മാറ്റാൻ ഈ അത്യാധുനിക സംവിധാനം ഉപയോഗപ്പെടും. കൂടാതെ യാത്രക്കാരുടെ ഫോട്ടോ രേഖപ്പെടുത്തുന്നത് കൊണ്ട് ഭാവിയിലും സുരക്ഷാ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഉദ്യോഗസ്ഥർക്ക് ഏറ്റവും ഉപകാരപ്പെടുന്ന സംവിധാനമായി ഇത് മാറുകയും ചെയ്യും.
കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ വന്ദേ ഭാരത് മിഷൻ ആരംഭിച്ചപ്പോൾ കെ.സുധാകരൻ എം.പി മുൻകൈ എടുത്ത് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിലും ഇത്തരം സംവിധാനം സ്ഥാപിച്ചിരുന്നു.
കോവിഡ് പ്രതിസന്ധി ഒഴിഞ്ഞാലും റെയിൽവേക്ക് യാത്രക്കാരുടെ നിയന്ത്രണത്തിന് അനുയോജ്യമായ തരത്തിൽ ഉള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി സ്വയം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അത്യാധുനിക സംവിധാനം ആണ് കണ്ണൂരിൽ ഒരിക്കിയിരിക്കുന്നത്.
ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെക്യൂരിക്കോർപ്പ് കമ്പനിയുടെ ഇന്ത്യൻ പാട്ണർ ആയ നെക്സ്ബ വി.എൻ.എസ് ടെക്നോളജിസ് ആണ് മണപ്പുറം ഫിനാൻസിന് വേണ്ടി ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
കോവിഡ് വ്യപനം നിലനിൽക്കുന്ന സാഹചര്യത്തിൽ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർക്ക് യാത്രക്കാരുടെ അടുത്ത് പോയുള്ള പരിശോധന ഒഴിവാക്കാൻ പൂർണമായും സ്വയം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗേറ്റ് സഹായകരമായി തീരുമെന്ന് കെ.സുധാകരൻ എം.പി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ മേയർ അഡ്വ.ടി.ഒ.മോഹനൻ , ഡപ്യൂട്ടി മേയർ കെ.ഷബീന, ജില്ലാ കലക്ടർ ടി.വി. സുബാഷ് ഐ.എ.എസ്. റെയിൽവേ ഡിവിഷണൽ സീനിയർ കൊമേഴ്സ്യൽ മാനേജർ ജെറിൻ ജി ആനന്ദ് ,മണപ്പുറം ഫിനാൻസ് ജനറൽ മാനേജർ ആന്റ് ചീഫ് പി.ആർ.ഒ സനോജ് ഹെർബർട്ട് , ഡെപ്യൂട്ടി ജനറൽ മാനേജർ കെ.എം.അഷ്റഫ് തുടങ്ങിയവർ സംബന്ധിക്കും.