കണ്ണൂർ :- കോവിഡും ന്യൂമോണിയയും ബാധിച്ച് ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി ഐ.സി.യു.വിൽ ചികിത്സയിൽ കഴിയുന്ന സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി മെഡിക്കൽ ബോർഡ്.
കോവിഡിനൊപ്പമുള്ള ന്യുമോണിയ ശ്വാസകോശത്തെ സാരമായി ബാധിച്ചതിനാൽ ഗുരുതരാവസ്ഥ മാറിയിട്ടില്ലെന്നും കടുത്ത ജാഗ്രത തുടരുകയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. കോവിഡിന്റെ തീവ്രത സൂചിപ്പിക്കുന്ന രക്തത്തിലെ സൂചകങ്ങൾ ഉയർന്നുനിൽക്കുകയാണെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി.
പ്രമേഹവും ഉയർന്ന രക്തസമ്മർദവും മരുന്നിലൂടെ നിയന്ത്രണ വിധേയമായിട്ടുണ്ട്. വെന്റിലേറ്റർ മാറ്റാൻ സാധിക്കുന്നതോടെ അദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വീണ്ടും വിധേയമാക്കുമെന്നും മെഡിക്കൽ സംഘം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.കെ.ശൈലജ, ഇ.പി.ജയരാജൻ, എം.എൽ.എ.മാരായ ജെയിംസ് മാത്യു, ടി.വി.രാജേഷ് എന്നിവർ ഫോണിലൂടെ മെഡിക്കൽ സംഘവുമായി സംസാരിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി.