ന്യൂഡൽഹി :- എട്ടുവർഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങൾക്കും (ടാക്സി, ചരക്കു വാഹനങ്ങൾ) 15 വർഷത്തിനുമേൽ പഴക്കമുള്ള സ്വകാര്യവാഹനങ്ങൾക്കും ഹരിതനികുതി ('ഗ്രീൻ ടാക്സ്') ചുമത്താനുള്ള നിർദേശം കേന്ദ്ര റോഡുമന്ത്രാലയം അംഗീകരിച്ചു. സംസ്ഥാനങ്ങളുടെ അഭിപ്രായംകൂടി അറിഞ്ഞശേഷം ഇക്കാര്യത്തിൽ വിശദാംശങ്ങൾ വിജ്ഞാപനം ചെയ്യും.
വാണിജ്യ വാഹനങ്ങൾക്ക്് റോഡ് നികുതിയുടെ 10 മുതൽ 25 വരെ ശതമാനമായിരിക്കും ഹരിതനികുതി. സ്വകാര്യ വാഹനങ്ങൾക്ക് അഞ്ചുകൊല്ലത്തേക്ക് നിശ്ചിത തുക ഈടാക്കാം. ഡീസൽ, പെട്രോൾ വാഹനങ്ങൾക്ക് വെവ്വേറെ നിരക്ക് ചുമത്താം.
പഴയവാഹനങ്ങൾ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ‘ഗ്രീൻ ടാക്സ്’ കൊണ്ടുവരുന്നത്. 15 വർഷത്തിനുമേൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളുടെയും 10 വർഷത്തിൽ കൂടുതലുള്ള ഡീസൽ വാഹനങ്ങളുടെയും രജിസ്‌ട്രേഷൻ ഏതാനും കൊല്ലങ്ങളായി ഡൽഹിയിൽ പുതുക്കാറില്ല. മറ്റു സംസ്ഥാനങ്ങളിൽ പഴയവാഹനങ്ങൾ വീണ്ടും രജിസ്റ്റർ ചെയ്യന്നുണ്ട്.
പൊതുഗതാഗതത്തിനുള്ള വാഹനങ്ങൾ, സിറ്റിബസുകൾ എന്നിവയ്ക്ക് കുറഞ്ഞ ഹരിതനികുതി ഈടാക്കിയാൽ മതിയെന്നാണ് കേന്ദ്രനിർദേശം. മലിനീകരണം കൂടുതലുള്ള നഗരങ്ങളിൽ വാഹനങ്ങൾ വീണ്ടും രജിസ്റ്റർ ചെയ്യുമ്പോൾ റോഡ് നികുതിയുടെ 50 ശതമാനംവരെ ഇത് ചുമത്തണം. ഹൈബ്രിഡ് വാഹനങ്ങൾ, സി.എൻ.ജി., എൽ.പി.ജി, ഇലക്‌ട്രിക് വാഹനങ്ങൾ, കാർഷികവൃത്തിയുമായി ബന്ധപ്പെട്ട വാഹനങ്ങൾ എന്നിവയെ ഒഴിവാക്കണം. ഇതുവഴി ശേഖരിക്കുന്ന തുക പ്രത്യേക ഫണ്ടിൽ നിക്ഷേപിച്ച് മലിനീകരണം തടയാനുള്ള പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണം.
കേന്ദ്രസർക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഉപേക്ഷിക്കാനുള്ള നിർദേശവും റോഡ് മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.