പ്രഭാത സവാരിക്കിടെ റിട്ട. അധ്യാപകൻ കാറിടിച്ച് മരിച്ച സംഭവം: കാർ പോയത് പയ്യന്നൂർ ഭാഗത്തേക്ക്


മയ്യിൽ: മയ്യിലിൽ പ്രഭാത സവാരിക്കിടെ റിട്ട. അധ്യാപകൻ യു. ബാലകൃഷ്ണൻ കാറിടിച്ച് മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ സാൻഡ്രോ കാർ പോയത് പയ്യന്നൂർ ഭാഗത്തേക്കെന്ന് അന്വേഷണ സംഘം കണ്ടെത്തി. സംഭവ ദിവസം രാവിലെ 6.30 ഓടെ പിലാത്തറയിലെ സിസിടിവിയിൽ നിന്നുള്ള കാറിന്റെ ദൃശ്യം മയ്യിൽ പോലീസിനു ലഭിച്ചു. മയ്യിൽ ടൗണിലെ സി സിടിവി ദൃശ്യങ്ങളിൽ നിന്ന് ഇടിച്ചത് സാൻഡോ കാറാണെന്ന് ആദ്യം തന്നെ പോലീസ് കണ്ടെത്തിയിരുന്നു. ഇടിച്ച ശേഷം കാർ മുല്ലക്കൊടി റോഡിലൂടെ തളിപ്പറമ്പിലെത്തി പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. പിന്നീട് കാർ എങ്ങോട്ട് പോയെന്നോ കാർ നമ്പർ ഉൾപ്പെടെയുള്ള മറ്റു വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. 

മയ്യിൽ, തളിപ്പറമ്പ്, പരിയാരം, പിലാത്തറ ഉൾപ്പെടെ ഉള്ള 50 ഓളം സി സി ടി വി ക്യാമറകൾ ആണ് അന്വേഷണ സംഘം പരിശോധിച്ചത്. മിക്ക സ്ഥലങ്ങളിലും നൈറ്റ് വിഷൻ കാമറയില്ലാത്തതിനാൽ ദൃശ്യങ്ങൾക്കൊന്നും വ്യക്തതയില്ലാത്തതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. കഴിഞ്ഞ 23 ന് പുലർച്ചെ 5.30 ഓടെ ചെക്യാട്ട്കാവ് പപ്പാസ് ഹോട്ടലിന് സമീപമായിരുന്നു അപകടം നടന്നത്. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ബാലകൃഷ്ണനെ എതിരേ വന്ന കാർ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇടിച്ച കാർ നിർത്താതെ പോവുകയായിരുന്നു.


Previous Post Next Post