വേനൽമഴ: മയ്യിൽ പഞ്ചായത്തിൽവ്യാപകമായി ഞാറ്റടികൾ നശിച്ചു

മയ്യിൽ: അപ്രതീക്ഷിത മഴയിൽ മയ്യിൽ പഞ്ചായത്തിൽ പൊലിഞ്ഞത് നാടിനെ നെല്ലറയാക്കാനൊരുങ്ങി വിത്ത് വിതച്ച കർഷകരുടെ സ്വപ്നങ്ങൾ. ദിവസങ്ങളായി പെയ്യുന്ന മഴയിൽ കർഷകരുടെ ഞാറ്റടികൾ വ്യാപകമായി നശിച്ചു.

ഒന്നാംവിള കൃഷിക്കായി വയലൊരുക്കി ഞാറ്റടികൾ തയ്യാറാക്കാനിറങ്ങിയ മയ്യിൽ താഴെ, പെരുവങ്ങൂർ, കോട്ടയാട്, മുല്ലക്കൊടി, കയരളം കീഴാലം, നണിയൂർ നമ്പ്രം, പെരുമാച്ചേരി പാടശേഖരങ്ങളിലാണ് കനത്ത നാശമുണ്ടായത്. 15 ടൺ ശ്രേയസ് ഇനത്തിൽപ്പെട്ട നെൽവിത്താണ് കൃഷിഭവൻ മുഖേന കർഷകർക്ക് വിതരണം ചെയ്തിരുന്നത്. ഇതിൽ 10 ടൺ വിത്തിന്റെ ഞാറ്റടികളാണ് വെള്ളത്തിനടിയിലായത്.

ഇനിയും മഴ തുടരുകയാണെങ്കിൽ കരപ്പറമ്പിൽ മുളപ്പിച്ച നെൽവിത്തുകൾ വിതയ്ക്കാനാണ് പാടശേഖരം സന്ദർശിച്ച കൃഷി ഉദ്യോഗസ്ഥരുടെ സംഘം നിർദേശിച്ചിട്ടുള്ളത്. ഞാറ്റടികൾ കൂടാതെ വാഴ, കപ്പ എന്നിവയും നശിച്ചതായി സംഘം വിലയിരുത്തി.

പാടശേഖര സെക്രട്ടറിമാർ, പ്രസിഡന്റുമാർ, കൃഷി ഉദ്യോഗസ്ഥർ എന്നിവരുടെ ഓൺലൈൻ യോഗത്തിൽ കർഷകർക്കുണ്ടായ നാശത്തിന്റെ കണക്കുകൾ അവതരിപ്പിച്ചു. കൃഷി ഓഫീസർ അനുഷ അൻവർ, അസി. കൃഷി ഓഫീസർ കെ.ദീപ, സന്ധ്യ ജയറാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം വിവിധ പാടശേഖരങ്ങൾ സന്ദർശിച്ചു.

Previous Post Next Post