മീനിന് ഇപ്പോളേ പൊള്ളും വില ; ട്രോളിംങ് തുടങ്ങിയാൽ കിട്ടാക്കനിയാവും


കൊളച്ചേരി :-
മത്തിക്ക് 300, നാടൻ മത്തിക്ക് 400, ചെമ്മീന് കിലോയ്ക്ക് 400,അയലക്ക് 280, പുയ്യാപ്ളയ്ക്ക് 250 ....... കോവിഡ് വ്യാപനത്തെയും ലോക്ഡൗണിനെയും തുടർന്ന് ജില്ലയിലെ മൊത്ത മത്സ്യവ്യാപാര കേന്ദ്രങ്ങൾ അടച്ചതോടെ മീൻ കിട്ടാക്കനി,ലഭിക്കുന്ന മീനിനാവട്ടെ തീവിലയും.വൈവിധ്യമുള്ള മീനുകൾ കിട്ടാനേയില്ല. ആവോലി, അയക്കൂറ എന്നിവയും ലഭ്യമല്ല.

എന്നാൽ അടുത്ത ദിവസങ്ങളിലായി മത്തിയും ലഭ്യമല്ലെന്ന് വിൽപനക്കാർ പറയുന്നു.അയൽ സംസ്ഥാനങ്ങളിൽനിന്ന്‌ കമ്മിഷൻ ഏജന്റുമാർ എത്തിക്കുന്ന മീനാണ് ഇപ്പോൾ അപൂർവമായെങ്കിലും വിൽപനക്കുള്ളത്. നഗര പ്രാന്ത പ്രദേശങ്ങളിലെത്തിച്ച് ഇവ ചില്ലറ വിൽപനക്കാർക്ക് നൽകുകയാണ്. പോലീസ് റോന്തുചുറ്റുന്നതിനാൽ ചില്ലറ വിൽപനക്കാർക്ക് കാര്യമായ വിലപേശലിന് അവസരം ലഭിക്കുന്നുമില്ല. ഇത് സ്വാഭാവികമായും മീൻ വില കൂട്ടാനിടയാക്കുന്നു.

ജില്ലയിലെ പ്രധാന മത്സ്യവിതരണകേന്ദ്രങ്ങളായ ആയിക്കരയും തലശ്ശേരി മാർക്കറ്റും അടച്ചിട്ട് ആഴ്ചകളായി. ഇതോടെ ഇവിടങ്ങളിലെ നൂറുകണക്കിന് ചില്ലറ മത്സ്യ വ്യാപാരികൾതൊഴിൽ രഹിതരായി. ഇത്തവണ ലോക്ഡൗണിന് മുൻപുതന്നെ മീൻപിടിത്ത യാനങ്ങൾ കടലിൽപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

തുടർന്ന് പ്രധാന ഹാർബറുകളും മത്സ്യ വിപണനകേന്ദ്രങ്ങളും പൂട്ടുകയുംചെയ്തു. പ്രതികൂല കാലാവസ്ഥ കാരണം കടലിൽ പോകുന്നതിന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽനിന്ന്‌ തുടർന്നും വിലക്കുണ്ടായി. 

ജൂൺ ഒൻപത് മുതൽ ജൂലായ് 31 വരെ ട്രോളിങ്ങ് നിരോധനം നിലവിൽവരുന്നേതാെടെ മീൻ ക്ഷാമം രൂക്ഷമാകും.

മീൻ ലഭ്യത കുറയുന്നതിനനുസരിച്ച് ഉണക്ക മീൻ വിപണി സജീവമാകാറുണ്ടെങ്കിലും ഇത്തവണ ലോക്ഡൗണായതോടെ ആ വിപണിയും നഷ്ടമായി. ചിലയിടങ്ങളിൽ പുഴ മീൻ ലഭ്യമാണെങ്കിലും വൻ വിലയാണ്.

Previous Post Next Post