കണ്ണൂർ: കണ്ണൂർ ചാലയിൽ പാചകവാതകവുമായി എത്തിയ ടാങ്കർ ലോറി മറിഞ്ഞു. മറിഞ്ഞ ടാങ്കറിൽ നിന്ന് പാചകവാതകം ചോരുന്നുണ്ട്. ഏതാനും വർഷങ്ങൾക്കു മുൻപ് പാചകവാതക ലോറി മറിഞ്ഞ് വലിയ അപകടമുണ്ടായതിനു സമീപത്താണ് ഇപ്പോഴും അപകടമുണ്ടായത്.മംഗലാപുരം ഭാഗത്തുനിന്നു വന്ന ടാങ്കർ ലോറി റോഡിലെ വളവിൽ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. നിറയെ ലോഡുമായി എത്തിയ ടാങ്കറാണ് മറിഞ്ഞത്. ടാങ്കറിന്റെ മൂന്നുഭാഗത്ത് ചോർച്ചയുണ്ടെന്നാണ് സൂചന. ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിനു പിന്നാലെ സ്ഥലത്തുണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു.
പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. പൊട്ടിത്തെറി ഒഴിവാക്കാൻ ടാങ്കറിനു മുകളിലേക്ക് ഫയർഫോഴ്സ് വെള്ളം ചീറ്റിച്ചു കൊണ്ടിരിക്കുകയാണ്. അപകടസ്ഥലത്തേക്ക് ആളുകൾ പോകാതിരിക്കാൻ വാഹനങ്ങൾ വഴിതിരിച്ചു വിട്ടിട്ടുണ്ട്. അപകടസ്ഥലത്തിന്റെ നൂറുമീറ്റർ ചുറ്റളവിൽനിന്ന് ആളുകളെ മാറ്റാൻ നിർദേശവും നൽകിയിട്ടുണ്ട്.
വാതകച്ചോർച്ച എത്രത്തോളം രൂക്ഷമാണെന്ന് ഫയർഫോഴ്സ് സംഘത്തിന്റെ പരിശോധനയിലെ വ്യക്തമാവുകയുള്ളൂ. നിലവിൽ രണ്ടു ഫയർ ഫോഴ്സ് സംഘമാണ് സ്ഥലത്തെത്തിയിട്ടുള്ളത്. ജില്ലയുടെ മറ്റ് ഭാഗങ്ങളിൽനിന്നുള്ള ഫയർഫോഴ്സും സ്ഥലത്തേക്ക് എത്തിച്ചേരും.മംഗലാപുരത്ത് നിന്ന് വിദഗ്ദ്ധരെത്തിയ ശേഷമെ ചോർച്ച അടയ്ക്കാൻ സാധിക്കുകയുള്ളുവെന്നാണ് റിപ്പോർട്ട്.