മാനവരാശിയുടെ നിലനില്പിന് തുണയേകുന്നത് സയൻസ് - ഡോ.കെ.പി.അരവിന്ദൻ


 മയ്യിൽ:- തെളിവുകളുടെ അടിസ്ഥാനത്തിൽ വിവരങ്ങളെ വിശകലനം ചെയ്ത് ശരികൾ കണ്ടെത്തുന്ന പ്രക്രിയയാണ് സയൻസെന്നും അതാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ മാനവരാശിയുടെ നിലനില്പിന് തുണയേകുന്നതെന്നും ഡോ.കെ.പി.അരവിന്ദൻ പറഞ്ഞു.അതിനു പകരമായി ഊഹശാസ്ത്രങ്ങളുടെയും പ്രമാണങ്ങളുടെയും പിന്നാലെ പോകുന്നത് ഒരിക്കലും ഗുണം ചെയ്യില്ല.പതിമൂന്നാം നൂറ്റാണ്ടിൽ  പടർന്നു പിടിച്ച പ്ലേഗ് മുതൽ കഴിഞ്ഞ നൂറ്റാണ്ടിലെ സ്പാനിഷ് ഫ്ലൂ വരെയുള്ള പകർച്ചവ്യാധികൾ മനുഷ്യരെ വൻതോതിൽ കൊന്നൊടുക്കിയെങ്കിൽ അതുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡിൻ്റെ ഫലമായുള്ള മരണനിരക്ക് കുറയ്ക്കാനും വ്യാപനം നിയന്ത്രിക്കാനും സഹായിച്ചത് ആധുനിക സയൻസാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മയ്യിൽ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഓൺലൈനിൽ കോവിഡും സയൻസും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക സയൻസിൻ്റെ പല ശാഖകൾ ചേർന്നാണ് ഈ മഹാമാരിക്കെതിരെ പോരാടുന്നത്. രോഗാണു ശാസ്ത്രം, ശുചിത്വ ശാസ്ത്രം, പ്രതിരോധ ജീവ ശാസ്ത്രം, പാത്തോളജി, ഫാർമക്കോളജി,ജീനോമിക്സ്, എപ്പി ഡെമിയോളജി, വിവരസാങ്കേതിക വിദ്യ തുടങ്ങിയ രീതികളിൽ വികാസം പ്രാപിച്ച ശാസ്ത്രമാണ് നമ്മുടെ ആയുധം. വുഹാനിൽ വൈറോളജിസ്റ്റുകൾ കൊറോണ വൈറസിനെ കണ്ടെത്തുന്നതു മുതൽ അതിൻ്റെ ജനിതക ക്രമം കണ്ടെത്താനും പകരാനുള്ള സാധ്യതകൾ കുറയ്ക്കാനുള്ള വഴികൾ തൊട്ട് വാക്സിൻ കണ്ടെത്തുന്നതു വരെ വളരെ വിപുലമായ ശാസ്ത്ര പ്രവർത്തനങ്ങളാണ് ലോകമെങ്ങും നടന്നത്. കണ്ടെത്തുന്ന പുതിയ കാര്യങ്ങൾ രാജ്യങ്ങൾ പരസ്പരം കൈമാറി.

സർക്കാരുകൾ വമ്പിച്ച തോതിൽ സയൻസിനെ പിന്താങ്ങി.ശക്തമായ പൊതു ജനാരോഗ്യ സംവിധാനങ്ങൾ എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം വലിയ നേട്ടമുണ്ടാക്കാനായി. നിയോലിബറൽ നയങ്ങളുടെ ഭാഗമായി നിലവിൽ വന്ന പേറ്റൻ്റ് ഭേദഗതിയുടെ ഫലമാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വാക്സിൻ ക്ഷാമം അനുഭവപ്പെടുന്നത്. സ്വകാര്യ കമ്പനികൾ അറിവിനെ കുത്തകയാക്കി നോക്കുകൂലി വാങ്ങുകയാണ്.പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വാക്സിൻ നിർമ്മിക്കാനുള്ള അവകാശം നൽകേണ്ടതുണ്ട്.ശാസ്ത്രലോകവും ലോകരാജ്യങ്ങളും ബഹുജനങ്ങളും പരസ്പര സഹകരണത്തിലൂടെ ഒന്നിച്ചണിനിരന്നാലേ ഈ ഭയാനകമായ സ്ഥിതിവിശേഷത്തെ മറികടക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. മേഖലാ പ്രസിഡണ്ട് എ.ഗോവിന്ദൻ അധ്യക്ഷനായി.

കേന്ദ്ര നിർവാഹക സമിതി അംഗം ടി.കെ.ദേവരാജൻ സംഘടനാ രേഖ അവതരിപ്പിച്ചു. മേഖലാ സെക്രട്ടരി സി.കെ.അനൂപ് ലാൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി.രാജൻ കണക്കും അവതരിപ്പിച്ചു.വി.വി.ശ്രീനിവാസൻ, കെ.സി.പത്മനാഭൻ എന്നിവർ സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.

Previous Post Next Post