കൊളച്ചേരി :- കണ്ണൂർ രാജ്യാന്തര വിമാന തവളത്തിൻ്റെ വികസന സ്വപ്നകൾക്കൊപ്പം കൊളച്ചേരിയെ കൈ പിടിച്ചുയർത്താൻ സഹായകമാവുന്ന അതിപ്രധാന പാതയായ അണ്ടലൂർ-പറശ്ശിനിക്കടവ് ടൂറിസം പാതയുടെ പൂർത്തീകരണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാവുന്നു. ചിലയിടങ്ങളിൽ ആവശ്യമായ രീതിയിൽ നിർമാണം നടത്താൻ കഴിയാതെ വരുന്നതാണ് പൂർത്തീകരണം വൈകിക്കുന്നത്.
ധർമടം, കണ്ണൂർ, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ഈ റോഡ് കേന്ദ്ര റോഡ് ഫണ്ടിൽപ്പെടുത്തിയാണ് വികസിപ്പിക്കുന്നത്. റോഡ് നിർമാണം ഏതാണ്ട് 80 ശതമാനം പൂർത്തിയായിട്ടും ചില മേഖലകളിൽ റോഡ് വികസനത്തിന് തടസ്സമായ മതിലുകളും ചെറു കടകളും മാറ്റാൻ വൈകുന്നതാണ് തിരിച്ചടിയാവുന്നത്.
ആദ്യ റീച്ചായ അണ്ടലൂർ-ചിറക്കുനി-പാറപ്രം-മൂന്നുപെരിയ ഭാഗം എട്ട് കിലോമീറ്റർ ദൈർഘ്യത്തിൽ 5.5 മീറ്റർ വീതിയിൽ മെക്കാഡം ടാറിങ്ങ് പൂർത്തിയായി. ഇവിടങ്ങളിൽ സൈൻ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
മുണ്ടേരി മൊട്ട-ചെക്കിക്കുളം ഭാഗം വരുന്ന 6.8 കിലോ മീറ്ററിൽ പള്ളിപറമ്പ് വരെ ടാർചെയ്തു.പള്ളിപ്പറമ്പ് മുതൽ ചെക്കിക്കുളം, കൊളച്ചേരി ഭാഗം വൈദ്യുതത്തൂണുകൾ മാറ്റുന്നതിന് കെ.എസ്.ഇ.ബി നടപടിസ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഈ ഭാഗത്ത് പണി പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. എന്നാൽ കരിങ്കൽക്കുഴി- പറശ്ശിനിക്കടവ് 2.5 കിലോ മീറ്റർ റോഡ് പൂർത്തിയായി.
രണ്ടാം റീച്ചിലെ മൂന്നുപെരിയ-ചക്കരക്കൽ റോഡ് 7.6 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഈ ഭാഗത്ത് രണ്ടാംഘട്ട ടാറിങ് തുടങ്ങിയിരുന്നെങ്കിലും അതും പൂർത്തിയായിട്ടില്ല. മറ്റ് അനുബന്ധ പ്രവർത്തനങ്ങളും പൂർത്തികരിക്കാനുണ്ട്. ചക്കരക്കൽ-കാഞ്ഞിരോട് മൂന്നാം റീച്ചിൽ ടാറിങ്ങ് പ്രവൃത്തി പൂർത്തികരിച്ചു.
17.85 കോടി അടങ്കലും 28.3 കിലോമീറ്റർ ദൈർഘ്യവുമുള്ള റോഡ് പ്രവൃത്തി കെ.കെ.രാഗേഷ് എം.പി.യായിരിക്കെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായി നിരന്തരം ഇടപെട്ടാണ് അനുവദിച്ചത്.
2018-ൽ ചക്കരക്കല്ലിലാണ് പദ്ധതി ഉദ്ഘാടനംചെയ്തത്. ഗോവയിലെ കുദ്രോളി ബിൽഡേഴ്സാണ് കരാർ ഏറ്റെടുത്തത്. ചക്കരക്കൽ, കാഞ്ഞിരോട്, മുണ്ടേരി, ചെക്കിക്കുളം എന്നീ ഭാഗങ്ങളിൽ ഏതാനും മതിലും ചെറുകടകളും ഇനിയും നീക്കംചെയ്യേണ്ടതുണ്ട്. ചൂള വഴിയുള്ള റോഡ് കാഞ്ഞിരോട് ടൗണിലെ പ്രധാന റോഡിൽ ചേരുന്ന സ്ഥലത്ത് റോഡ് വീതി കൂട്ടുന്നതിന് പഴയ കടമുറി തടസ്സമായി നിൽക്കുന്നു. മുണ്ടേരിമൊട്ട ടൗണിൽ കടകൾ, കെട്ടിടങ്ങൾ എന്നിവ റോഡിലേക്ക് തള്ളിനിൽക്കുന്നതും നിർമാണത്തിന് തടസ്സം നിൽക്കുന്നു. കൈപ്പക്കയിൽമൊട്ടയിൽ കുറച്ചുഭാഗത്ത് വീതികൂട്ടുന്നതിന് സ്ഥലം വിട്ടുനൽകാത്തതും പ്രശ്നമാണ്. റോഡ് വികസനത്തിനാവശ്യമായ സ്ഥലം വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.
മൂന്നുപെരിയ, ചുള, കാഞ്ഞിരോട്, മുണ്ടേരി പള്ളിപ്പറമ്പ്, കൊളച്ചേരി എന്നീ മേഖലകളിൽ ഭൂവുടമകൾ ചെറിയ വിട്ടുവീഴ്ചചെയ്താൽ കണ്ണൂർ ജില്ലയിലെ മികച്ച റോഡ് പദ്ധതിയായി അണ്ടലൂർ-പറശ്ശിനിക്കടവ് ടൂറിസം പാത മാറും.
സ്വകാര്യ വ്യക്തികൾ കോൺക്രീറ്റിനും മറ്റുമായി സിമന്റും ജില്ലിയും കുഴക്കുന്നതും ചെങ്കല്ലുകൾ ഇറക്കിവെക്കുന്നതും മികച്ച ടാറിങ് നടത്തിയതുമായ റോഡിനാണ് നാശമുണ്ടാക്കുന്നുണ്ട്.