
പള്ളിക്കുന്ന് സെൻട്രൽ ജയിലിന് മുന്നിലെ പെട്രോൽ പമ്പിൽ സ്ഥാപിച്ച സി.എൻ.ജി. വിതരണകേന്ദ്രം
കണ്ണൂർ: ജില്ലയിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായുള്ള ആദ്യത്തെ പ്രകൃതിവാതക വിതരണകേന്ദ്രം (സി.എൻ.ജി. സ്റ്റേഷൻ) പള്ളിക്കുന്നിലെ സെൻട്രൽ ജയിലിന് മുൻവശത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഫ്രീഡം പെട്രോൾ പമ്പിൽ ഉടൻ പ്രവർത്തനമാരംഭിക്കും. പ്രകൃതിവാതകം (സി.എൻ.ജി.) വിതരണം ചെയ്യുന്ന സ്റ്റേഷന്റെ നിർമാണപ്രവർത്തനം അവസാന ഘട്ടത്തിലാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നതായി അധികൃതർ അറിയിച്ചു.
ആദ്യഘട്ടത്തിൽ രണ്ട് വിതരണകേന്ദ്രമാണ് ആരംഭിക്കുന്നത്. രണ്ടാമത്തെത് മട്ടന്നൂരിലെ എസ്.ആർ. പെട്രോൾ പമ്പിലാണ് സ്ഥാപിക്കുന്നത്. ഇവിടെനിന്ന് വാഹനങ്ങളിൽ നിറയ്ക്കാം. സി.എൻ.ജി. സ്റ്റേഷൻ യാഥാർഥ്യമാവുന്നതോടെ ഗെയിൽ പദ്ധതിയുടെ പ്രയോജനം ജനങ്ങളിലെത്തുകയാണ്. സി.എൻ.ജി. കണക്ഷൻ ലഭിച്ചാൽ പൈപ്പുവഴി ഗ്യാസ് കിട്ടും.
ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെനേതൃത്വത്തിലാണ് പദ്ധതി.
ആദ്യഘട്ടത്തിൽ എറണാകുളത്തുനിന്ന് ടാങ്കറിലാണ് സി.എൻ.ജി. എത്തിക്കുക. കൂടാളി-അപ്പക്കടവ് റോഡരിൽ സിറ്റിഗ്യാസ് സ്റ്റേഷന്റെ നിർമാണം നടക്കുന്നുണ്ട്. സ്ഥാപനങ്ങൾക്കും വീടുകൾക്കുമുള്ള ഗ്യാസിന്റെ വിതരണം പ്രത്യേകമായി സ്ഥാപിക്കുന്ന പൈപ്പ് ലൈൻ വഴി ഇവിടുന്നായിരിക്കും. ഗെയിലിന്റെ പ്രധാന പൈപ്പിൽനിന്നാണ് ഇവിടേക്ക് സി.എൻ.ജി. എത്തിക്കുക. ഗാർഹിക കണക്‌ഷനുള്ള പൈപ്പ് ലൈനിന്റെ പ്രവർത്തനം നടന്നുവരികയാണ്.
ആദ്യഘട്ടത്തിൽ കണ്ണൂർ കോർപ്പറേഷൻ പരിധിയിലും രണ്ടാം ഘട്ടത്തിൽ തലശ്ശേരി മുതൽ മാഹി വരെയും അടുത്തഘട്ടത്തിൽ തളിപ്പറമ്പിലുമാണ് വിതരണംചെയ്യുക. എട്ടുവർഷത്തിനുള്ളിൽ ആവശ്യക്കാർക്കെല്ലാം പ്രകൃതിവാതകം എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.