യൂറോകപ്പ്‌ : ഇറ്റലി, ഡെൻമാർക്ക് ക്വാർട്ടറിൽ ; ഇറ്റലിയുടെ വിജയം Extra time ൽ ‌


വെബ്ലി: - പൊരുതിക്കളിച്ച ഓസ്‌ട്രിയയെ അധികസമയത്ത്  2–1ന് കീഴടക്കി ഇറ്റലി യൂറോകപ്പ്‌ ഫുട്‌ബോളിൽ ക്വാർട്ടറിൽ കടന്നു. 95–-ാം മിനിറ്റിൽ ഫ്രെഡറികോ കിയേസയും 105–-ാം മിനിറ്റിൽ മാത്തിയോ പെസിനയും ലക്ഷ്യം കണ്ടു. ഓസ്ട്രിയക്കായി സാസ കലാജിക് ആശ്വാസഗോൾ നേടി.നിശ്‌ചിതസമയത്ത്‌ ഇരു ടീമുകൾക്കും ഗോളടിക്കാനായില്ല.

ബൽജിയം–-പോർച്ചുഗൽ മത്സരവിജയികളെ ക്വാർട്ടറിൽ നേരിടും. അധികസമയം തുടങ്ങി അഞ്ച്‌ മിനിറ്റിൽ ഇറ്റലി ലക്ഷ്യം കണ്ടു. ലിയോനാർഡോ സ്‌പിനസോളയുടെ ക്രോസ്‌ തലകൊണ്ട്‌ തട്ടിയിട്ട്‌ കാലുകൊണ്ട്‌ നിയന്ത്രിച്ചായിരുന്നു കിയേസയുടെ ഗോളിലേക്കുള്ള ഷോട്ട്‌. വൈകാതെ ഫ്രാൻസിസ്‌കോ അസർബിയുടെ പാസിൽ പെസിന വിജയമുറപ്പിച്ചു. 

ഇറ്റലിയെ അമ്പരപ്പിച്ച പ്രതിരോധമായിരുന്നു ഓസ്‌ട്രിയയുടേത്‌. യൂറോയിൽ ആദ്യമായി മുൻ ചാമ്പ്യൻമാർ പരീക്ഷിക്കപ്പെട്ടു. അവസരം കിട്ടുമ്പോൾ  ഇറ്റാലിയൻ ഗോൾമുഖത്തെത്തി ഓസ്‌ട്രിയ വിറപ്പിക്കുകയും ചെയ്‌തു. 90 മിനിറ്റും ഇറ്റലിയെ പൂട്ടിയ ഓസ്‌ട്രിയൻ പ്രതിരോധത്തിനും ഗോൾകീപ്പർ ഡാനിയേൽ ബാച്ച്‌മാനുമാണ്‌ മുഴുവൻ മാർക്കും.

തോൽവിയറിയാതെ 31 മത്സരം പൂർത്തിയാക്കി ഇറ്റലി റെക്കോഡിട്ടു. തുടർച്ചയായി 11 കളിയിൽ ഗോൾവഴങ്ങിയിരുന്നില്ല. 2018 സെപ്‌തംബറിൽ പോർച്ചുഗലിനോടാണ്‌ അവസാനമായി തോറ്റത്‌. 1930–-35 കാലത്ത്‌ വിറ്റോറിയോ പോസോ പരിശീലിപ്പിച്ച ഇറ്റലി ടീം തോൽവിയറിയാതെ 30 മത്സരം പൂർത്തിയാക്കിയിട്ടുണ്ട്‌. അക്കാലത്താണ്‌ ഇറ്റലി ലോക കിരീടവും(1938) ഒളിമ്പിക്‌സ്‌ സ്വർണവും നേടിയത്‌.

ആദ്യ പകുതിയിൽ കളി നിയന്ത്രിച്ചെങ്കിലും പന്ത്‌ വലയിലെത്തിക്കാൻ ഇറ്റലിക്കായില്ല. മാർകോ വെറാറ്റി എതിർബോക്‌സിൽ നിരന്തരം പന്തെത്തിച്ചു. ലിയോനാർഡോ സ്‌പിനസോളക്കായിരുന്നു ആദ്യ അവസരം. തൊട്ടുപിന്നാലെ സിറോ ഇമ്മൊബീലിന്റെ ഷോട്ട്‌. ഓസ്‌ട്രിയൻ പ്രതിരോധത്തേയൂം ഗോളിയേയും അമ്പരപ്പിച്ച്‌ പന്ത്‌ പോസ്‌റ്റിന്റെ തുഞ്ചത്ത്‌ തട്ടിത്തെറിച്ചു. അതിനിടെ മാർകോ അർണോവിച്ചിലൂടെ ഓസ്‌ട്രിയ ഇറ്റാലിയൻ ഗോൾമുഖത്ത്‌ എത്തിനോക്കി. അലക്ഷ്യമായ ഷോട്ട്‌ ബാറിനുമുകളിലേക്കായിരുന്നു. രൂപവും ഭാവവും മാറിയ ഓസ്‌ട്രിയയായിരുന്നു രണ്ടാം പകുതിയിൽ. ഇറ്റാലിയൻ പ്രതിരോധത്തെ ചിതറിച്ച്‌ പന്ത്‌ ബോക്‌സിലെത്തി.

അലാബയുടെ ഫ്രീകിക്ക്‌ ലക്ഷ്യം കണ്ടില്ല. മറുപടിയായി വെറാറ്റിയുടെ പന്ത്‌. ഇൻസിന്യെ സ്വീകരിച്ച്‌ ഗോൾവരയിലേക്ക്‌ ക്രോസ്‌ നൽകിയെങ്കിലും ബെറാർഡിക്ക്‌ കണക്‌റ്റ്‌ ചെയ്യാനായില്ല. അപകടകരമായ പന്ത്‌ അലാബ അടിച്ചകറ്റി.


യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ വെയ്ല്‍സിനെ ചാരമാക്കി ഡെന്‍മാർക്ക് ക്വാർട്ടറില്‍. കാസ്പര്‍ ഡോള്‍ബര്‍ഗിന്‍റെ ഇരട്ട ഗോള്‍ മികവില്‍ 4-0ന്‍റെ ആധികാരിക വിജയവുമായാണ് ഡെന്‍മാർക്കിന്‍റെ കുതിപ്പ്. യോക്വിമും ബ്രാത്ത്‍വെയ്റ്റുമാണ് മറ്റ് സ്‍കോറർമാർ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ റഷ്യക്കെതിരെ പുറത്തെടുത്ത മികവ് തുടരുകയായിരുന്നു ഡാനിഷ് പട. മൈതാനത്ത് കുഴഞ്ഞുവീണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയ സൂപ്പർതാരം ക്രിസ്റ്റ്യന്‍ എറിക്‌സനുള്ള സഹതാരങ്ങളുടെ സ്നേഹസമ്മാനം കൂടിയായി ഈ വിജയം.

Previous Post Next Post