കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വീട്ടില്‍ കൊണ്ടുപോകാനും കാണാനും അനുമതി


തിരുവനന്തപുരം:-  കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കാണാന്‍ അനുമതി നല്‍കി കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് വരുത്തി. നിശ്ചിത സമയം മൃതദേഹം വീട്ടില്‍ കൊണ്ടുപോകാനും അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു മണിക്കൂറില്‍ താഴെ സമയമാണ് മൃതദേഹം വീട്ടില്‍ വെക്കാന്‍ അനുവദിക്കുക. പരിമിതമായ മാതാചാരം നടത്താനും അനുമതി നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

മരണമടയുന്നവരുടെ ബന്ധുക്കൾക്കുണ്ടാകുന്ന മാനസിക സമ്മർദം ലഘൂകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ബാധിച്ച് മരണമടഞ്ഞവർ നേരത്തെ വിവിധ ബാങ്കുകളിൽ നിന്നെടുത്ത ലോണുകൾ സ്വാഭാവികമായും മുടങ്ങിയിട്ടുണ്ടാകുമെന്നും അതുകൊണ്ട് ഇതിന്റെ ഭാഗമായുള്ള ജപ്തി നടപടികൾ നിർത്തി വയ്ക്കാൻ നിർദേശം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ സംസ്‌കരിക്കുന്നതിനെതിരെ തുടക്കം മുതല്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിവിധ  സംഘടനകളുടെ നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്ന് അടുത്ത ബന്ധുക്കള്‍ക്ക് മൃതദേഹം കാണിക്കാന്‍ അനുമതി നല്‍കിയിരുന്നു. കുളിപ്പിക്കല്‍ ഒഴികെ അന്ത്യകര്‍മങ്ങള്‍ നടത്താനും അനുമതി നല്‍കി.

Previous Post Next Post