വായന സംസ്കാരമാവണം - ഡോ.എം.പി.രാധാമണി


കൊളച്ചേരി :-
വായനാശീലം സംസ്കാരത്തിൻ്റെ ഭാഗമാകുമ്പോഴാണ് ഒരു ജനതയെ തന്നെ സ്വാധീനിക്കുന്ന ശക്തിയായി അത് മാറുകയെന്നും അങ്ങനെയൊരു സംസ്കാരത്തിലേക്ക് പുതിയ തലമുറയെ നയിക്കാൻ രക്ഷിതാക്കൾക്ക് ഉത്തരവാദിത്തമുണ്ടെന്നുംകേരള സാംസ്കാരിക വകുപ്പ് ഡെപ്യൂട്ടി ഡയരക്ടറും വിദ്യാഭ്യാസ വിചക്ഷണയുമായ ഡോ.എം പി രാധാമണി പറഞ്ഞു.

കൊളച്ചേരി ഇ പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിലെ വായനാ വാരാചരണം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഒരു കുട്ടി  അറിവ് നേടുന്നത് വളരുന്ന ചുറ്റുപാടുകളിൽ നിന്നുമാണ്.അധ്യാപകരിൽ നിന്നും  കൂട്ടുകാരിൽ ആർജ്ജിക്കുന്ന അറിവിനുമപ്പുറം അനുഭവങ്ങളിലൂടെയും വായനയിലൂടെയും കുട്ടി  സ്വായത്തമാക്കുന്ന അറിവിന് വലിയ പ്രാധാന്യമുണ്ട്.അത് കൊണ്ട് വായനയ്ക്ക് വിദ്യാഭ്യാസ പ്രക്രിയയിൽ സുപ്രധാനമായ സ്ഥാനമാണുള്ളത്. വായന അറിവിൻ്റെ വിശാലമായ ലോകത്തിലേക്കുള്ള വാതായനം തുറക്കലാണ്. അതിലേക്ക് കുട്ടികളെ നയിച്ചാൽ പുസ്തകങ്ങളെ അവരുടെ കൂട്ടുകാരാക്കിയാൽ  ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാൻ അവർക്ക് സാധിക്കും.

സ്കൂളിലെ അക്ഷരദീപം വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ വായനശാലാ പ്രസിഡൻ്റ് ആരാധ്യ.പി അധ്യക്ഷത വഹിച്ചു.പ്രശസ്ത കഥാകൃത്ത് രമേശൻ ബ്ലാത്തൂർ വിശിഷ്ടാതിഥിയായി. വായന അന്ധകാരത്തെ നീക്കുന്ന വെളിച്ചമാണെന്നും അത് മനസ്സിനുള്ള വ്യായാമം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. വായന ഒരു പുഴയൊഴുക്കാണ്.അത് പല വഴികളിലൂടെ പല നാടുകളിലൂടെ തീരങ്ങൾ തഴുകിയൊഴുകും.പല ജൈവികാവസ്ഥകളെയും സംസ്കാരങ്ങളിലൂടെയും കടന്നു പോവുമെന്നും  അദ്ദേഹം പറഞ്ഞു.

പ്രധാന അധ്യാപകൻ വി.വി.ശ്രീനിവാസൻ പരിപാടികൾ വിശദീകരിച്ചു.കൊളച്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ, ഗ്രാമപഞ്ചായത്ത് അംഗം കെ .പ്രിയേഷ്, പി.പി.കുഞ്ഞിരാമൻ, ടി വി സുമിത്രൻ, സി.കമലാക്ഷി ടീച്ചർ, സി.ഗീത ടീച്ചർ, എം.വി.ഷിജിൻ,വി.വി. രേഷ്മ ടീച്ചർ, പി.പി.സരള ടീച്ചർ, രജിൽ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വായനശാല സെക്രട്ടരി ധനുഷ് സ്വാഗതവും കെ.ശിഖ ടീച്ചർ നന്ദിയും പറഞ്ഞു.

കുട്ടികളുടെ പ്രസംഗം, പുസ്തക പരിചയം, പോസ്റ്റർ രചന, കഥ കവിത അവതരണം എന്നിവയും നടന്നു.

Previous Post Next Post