കുറ്റ്യാട്ടൂർ ക്വാറിയിൽ മാലിന്യം തള്ളാനെത്തിയ ടിപ്പർ ലോറി പിടികൂടി



കുറ്റ്യാട്ടൂർ: പ്രവർത്തനം നിർത്തിവെച്ച കരിങ്കൽ ക്വാറിയിൽ മാലിന്യം തള്ളാനെത്തിയ ടിപ്പർ പിടികൂടി. കുറ്റ്യാട്ടൂർ കുഞ്ഞിമൊയ്തീൻ പീടികക്ക് സമീപം റോഡരികിലുള്ള കരിങ്കൽ ക്വാറിയിൽ മാലിന്യം തള്ളാനെത്തിയ വാഹനമാണ് പിടികൂടിയത്.

ഇവിടെ മാലിന്യങ്ങൾ തള്ളുന്നത് പതിവായപ്പോൾ ഇതിനെതിരേ പഞ്ചായത്ത് അധികൃതർ ബോഡ് സ്ഥാപിച്ചിരുന്നു. ഇവിടെയാണ് വീണ്ടും മാലിന്യം തള്ളാനെത്തിയത്.

ശനിയാഴ്ച വൈകീട്ടാണ് ഇവർ പിടിയിലായത്. ഹരിത കേരള മിഷന്റെ വാഹനം അതുവഴി കടന്നുപോകുമ്പോഴാണ് മാലിന്യം തള്ളാനെത്തിയ വാഹനം ശ്രദ്ധയിൽപ്പെട്ടത്. ഉദ്യോഗസ്ഥർ ഇവരെ ചോദ്യംെചയ്തു. ഇവർ നൽകിയ വിവരമനുസരിച്ച് കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.റജി സ്ഥലത്തെത്തി. ഇവർക്കെതിരേ നിയമാനുസൃതം നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

തൊട്ടടുത്ത് പ്രവർത്തിക്കുന്ന വി.പി.എം.ഇന്റർ ലോക്ക് നിർമാണക്കമ്പനിയിൽനിന്നുള്ള അവശിഷ്ടങ്ങളായിരുന്നു ടിപ്പർ നിറയെ.

പ്രവർത്തനം നിർത്തിവെച്ച ക്വാറയിൽ മാലിന്യം കുമിയുകയാണ്. അറവുകേന്ദ്രങ്ങളിൽനിന്നും മറ്റുമുള്ള അവശിഷ്ടങ്ങൾ രാത്രികാലങ്ങളിൽ വിജനമായ ഇവിടെ തള്ളുകയാണ്.

Previous Post Next Post