കൊച്ചിയിൽ നിന്ന് ഒറ്റ യാത്രക്കാരനുമായി മലേഷ്യയിലേക്ക് വിമാനം പറന്നു; യാത്ര ചെയ്തത് പള്ളിപ്പറമ്പ് സ്വദേശി


കൊളച്ചേരി:- കൊച്ചിയിൽ നിന്ന് ഒരൊറ്റ യാത്രക്കാരനുമായി മലേഷ്യയിലേക്ക് എയർ ഇന്ത്യ വിമാനം പറന്നു.  പള്ളിപ്പറമ്പ്  സ്വദേശി  പള്ളിരവിടെ ഈസ ബിൻ  ഇബ്രാഹീം ആണ്  ഈ രാജകീയ യാത്ര നടത്തിയത്.

കൊച്ചി നെടുമ്പാശ്ശേരിയിൽ നിന്ന് ക്വാലാലംപൂരിലേക്കാണ് യാത്ര ചെയ്തത്.കോവിഡ് നിയന്ത്രണം കാരണം ഏർപ്പെടുത്തിയ നിയന്ത്രണം കാരണമാണ് ഒറ്റയാൾ യാത്ര നടന്നത്.

മലേഷ്യയിൽ 28 വർഷത്തോളമായി ബിസിനസുകാരനാണ്ഈസ ബിൻ ഇബ്രാഹിം.കോവിഡ് വ്യാപനം കാരണം ഇന്ത്യയിൽ നിന്ന് മലേഷ്യയിലേക്കുള്ള യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ  ഏർപ്പെടുത്തിയിരിക്കുകയാണ്. നിശ്ചിത വരുമാനവും യാത്രകളും ചെയ്യുന്നവർക്ക് മാത്രമാണ് യാത്രാനുമതിയുള്ളത്. ഇതേത്തുടർന്നാണ് മറ്റു യാത്രക്കാർ ഇല്ലാതിരുന്നത്. 50 ലേറെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനെയൊരു ഒറ്റയാൻ യാത്രയെന്നും പ്രത്യേക അനുഭവമാണെന്നും ഈസ ബിൻ ഇബ്രാഹീം കൊളച്ചേരി ഓൺലൈനിനോട് പറഞ്ഞു.

കണ്ണൂരിൽ നിന്ന് ട്രെയിൻ മാർഗം നെടുമ്പാശ്ശേരിയിലെത്തിയ 51കാരൻ വന്ദേ ഭാരത് മിഷൻ്റെ ഭാഗമായുള്ള എയർ ഇന്ത്യയുടെ lX 422 വിമാനത്തിൽ രാവിലെ 7.45 നാണ് പുറപ്പെട്ടത്. ഒറ്റ യാത്രക്കാരനായതിനാൽ ബോർഡിങ് പാസ് പരിശോധന പെട്ടെന്ന് പൂർത്തിയാക്കി. പ്രത്യേക പരിഗണന തന്നെ വിമാനത്തിൽ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. 

സാധാരണ പോലെ 16800 രൂപയുടെ എക്കോണമി ക്ലാസ് ടിക്കറ്റ് ചാർജ് തന്നെയാണ് ഈടാക്കിയത്. നഫീസയാണ് ഈസ ബിൻ ഇബ്രാഹിമിൻ്റെ ഭാര്യ. ഫാസിർ, ഫസൽ, ഇബ്രാഹിം, ഫാത്തിമ എന്നിവർ മക്കളാണ്.

Previous Post Next Post