കേരളത്തിൻ്റെ പുനർനിർമ്മാണത്തിന് പാരിസ്ഥിതിക സമീപനം അനിവാര്യമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡൻ്റ് പ്രൊഫ.ടി.പി. കുഞ്ഞിക്കണ്ണൻ


മയ്യിൽ :- 
പ്രളയവും മഹാമാരിയും ഏല്പിച്ച സാമൂഹിക സാമ്പത്തിക ആഘാതം പരിഗണിച്ചു കൊണ്ടാവണം കേരളത്തിൻ്റെ പുനർനിർമ്മാണമെന്നും അതിൽ പാരിസ്ഥിതിക സമീപനം അനിവാര്യമാകുന്നുവെന്നും സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡൻ്റുമായ പ്രൊഫ.ടി.പി. കുഞ്ഞിക്കണ്ണൻ പറഞ്ഞു. 

പരിഷത്ത് ജില്ലാ സമ്മേളനത്തിന് അനുബന്ധ മായി പതിനാലാം പഞ്ചവത്സര പദ്ധതിക്ക് ഒരാമുഖം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ ശാസ്ത്രീയമായ പദ്ധതികൾ വേണം. മണ്ണും ജലവും മനുഷ്യാധ്വാനവും സമന്വയിപ്പിക്കണം.ഭൂവിനിയോഗത്തിൽ സാമൂഹ്യ നിയന്ത്രണം വേണം.ജനകീയാസൂത്രണത്തിലൂടെ രൂപപ്പെട്ട ജനാധിപത്യ മതേതര ഭൂമികയാണ് നവകേരള സൃഷ്ടിക്കുള്ള കരുതലാവേണ്ടത്. കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കുന്നതിനായുള്ള വിപുലമായ കർമ്മ പദ്ധതികൾ വേണം. 

കാർഷിക വ്യാവസായിക മുരടിപ്പ് മാറ്റി പ്രാദേശിക സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുതകുന്ന ആധുനികവല്ക്കരണം നടപ്പിലാക്കണം. കേവല ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് മുൻഗണന നൽകണം. മാതൃഭാഷയ്ക്ക് പ്രാധാന്യം നൽകുന്നതാവണം വിദ്യാഭ്യാസ സമീപനം അദ്ദേഹം പറഞ്ഞു.സി.ദാമോദരൻ അധ്യക്ഷനായി. 

ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി.കെ.സുരേഷ്ബാബു, എ.രാഘവൻ, കെ.കെ.രവി, എ.വി.ദാമോദരൻ, വി.മുകുന്ദൻ, ജാൻസി ,കെ.സി.പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.വി.ഒ.പ്രഭാകരൻ സ്വാഗതവും എ.ഗോവിന്ദൻ നന്ദിയും പറഞ്ഞു.

Previous Post Next Post