മട്ടന്നൂർ : - ലക്ഷങ്ങൾ മുടക്കി ഡി.ടി.പി.സി. നവീകരിച്ച പഴശ്ശി ഉദ്യാനത്തിലെ ചെടികൾ മുഴുവൻ കോവിഡ് കാലത്തെ അടച്ചിടൽമൂലം കന്നുകാലികൾ അകത്താക്കി. പാർക്കിലേക്ക് പ്രവേശിക്കണമെങ്കിൽ പോലും ഫീസ് നൽകേണ്ടിടത്താണ് ഒരു നിയന്ത്രണവുമില്ലാതെ കന്നുകാലികൾ മേഞ്ഞുനടക്കുന്നത്.
പാർക്ക് പൂട്ടിയിട്ടിട്ട് രണ്ടുമാസം കഴിഞ്ഞു. കുട്ടികളുടെ അമ്യൂസ്‌മെന്റ് പാർക്കിൽ തൊട്ടിൽ ഉൾപ്പെടെയുളള സൗകര്യങ്ങൾ ഏർപ്പെടുത്തിയതിനാൽ ദിനംപ്രതി ആയിരത്തോളം പേർ എത്തിയിരുന്നു. സഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച നിലയിലേക്ക് ഉയരുന്നതിനിടയിലാണ് കോവിഡ് രണ്ടാം തരംഗംമൂലം അടച്ചിടേണ്ടിവന്നത്. പാർക്കിൽ പുറമെനിന്നുള്ളവരുടെ കടന്നുകയറ്റം തടയുന്നതിന് നാലുഭാഗവും ചുറ്റുമതിൽ സ്ഥാപിച്ചിരുന്നു. പ്രവേശന കവാടത്തിലെ ഇടുങ്ങിയ വഴിയിലൂടെയാണ് പാർക്കിലേക്ക് കന്നുകാലികളെ തുറന്നുവിടുന്നത്.
പുഴയരോത്തെ മതിൽ കഴിഞ്ഞ പ്രളയത്തിൽ തകർന്നിരുന്നു. പാർക്കിലെത്തുന്ന കന്നുകാലികൾക്ക് പുഴയോരത്തേക്കും ഇതുവഴി പ്രവേശിക്കാൻ കഴിയും. രാവിലെ മുതൽ പാർക്കിലും പുഴയോരത്തുമായി മേഞ്ഞുനടക്കുന്ന കന്നുകാലികൾ ഇരുട്ട് വീഴുമ്പോഴാണ് തിരിച്ചുപോകുന്നത്. പുറത്തേക്ക് പോകാൻ മറ്റ് വഴികളൊന്നുമില്ലാഞ്ഞതിനാൽ വയറുനിറച്ച് പാർക്കിൽത്തന്നെയാണ് ഇവയുടെ വിശ്രമവും. സ്ഥിരമായി ഒരു വഴിയിലൂടെ എത്തുന്നതിനാൽ സഹായമില്ലാതെതന്നെ ഇവ വീടുകളിൽ തിരിച്ചെത്തുന്നു.
ലക്ഷങ്ങൾ മുടക്കി നവീകരിച്ചിട്ടും ഒരു സെക്യൂരിറ്റി ജീവനക്കാരനെപോലും ഡി.ടി.പി.സി. അവരുടെ ചെലവിൽ നിയമിച്ചിട്ടില്ല. പാർക്ക് അഞ്ചുവർഷത്തേക്ക് നടത്തിപ്പിന് കൊടുത്തിരിക്കുകയാണ്. കഴിഞ്ഞ രണ്ട് പ്രളയത്തിലും വെള്ളം കയറി പാർത്തിലെ കെട്ടിടം ഉൾപ്പെടെ നിലംപൊത്തിയിരുന്നു. കാഠിന്യം തീരെയില്ലാത്ത ചെങ്കൽകൊണ്ട് പണിത മതിലാണ് വെള്ളം നിന്നപ്പോൾ തകർന്നത്.
പുഴയിൽ വെള്ളം നിറഞ്ഞപ്പോൾ പാർക്കിലേക്ക് കയറുകയായിരുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കുപോലും ഇല്ലാതെ മതിലും കെട്ടിടവും തകർന്നത് ഗുണനിലവാരം കുറഞ്ഞ ചെങ്കൽ ഉപയോഗിച്ചതുകൊണ്ടായിരുന്നു. നിർമാണത്തിൽ നടന്ന വൻ അഴിമതിയായിരുന്നു തകർച്ചയ്ക്ക് പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. പാർക്കിന് സംരക്ഷണമൊരുക്കാതെ ഇത്തരത്തിലുള്ള നിർമാണപ്രവൃത്തികൾ നടത്തുന്നതിനാണ് ടൂറിസം വകുപ്പിനും താത്‌പര്യം. കുടുംബശ്രീ മുഖാന്തരം പാർക്കിൽ ശുചീകരണ തൊഴിലാളികളെ നിയമിച്ചിരുന്നു. ചെടികളും പൂക്കളുമില്ലാത്ത പാർക്ക് ശുചീകരിക്കേണ്ട അവസ്ഥയാണ്.