യൂറോ കപ്പിന് ഇറ്റലിയുടെ ജയത്തോടെ അരങ്ങേറ്റം. ഗ്രൂപ്പ് എയില്‍ തുര്‍ക്കിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇറ്റലിയുടെ ജയം. സിറൊ ഇമ്മൊബില്‍, ലൊറന്‍സൊ ഇന്‍സിഗ്നെ എന്നിവര്‍ ഓരോ ഗോള്‍ നേടിയപ്പോള്‍ മറ്റൊന്ന് തുര്‍ക്കി പ്രതിരോധ താരത്തിന്റെ ദാനമായിരുന്നു.
ടൂര്‍ണമെന്റിലെ കറുത്ത കുതിരകളെന്ന് വിശേഷണമുള്ള തുര്‍ക്കിക്ക് പേരിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. തുടക്കം മുതല്‍ തുര്‍ക്കി പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോള്‍ ആദ്യ പകുതിയിയില്‍ ഗോളൊന്നും പിറന്നില്ല. 17-ാം മിനിറ്റിലാണ് ഇറ്റലിക്ക് മത്സരത്തിലെ ആദ്യ അവസരം ലഭിക്കുന്നത്. നിക്കോളോ ബരേല നീക്കികൊടുത്ത പന്ത് ഇന്‍സിഗ്നെ വലങ്കാലുകൊണ്ട് ഫാര്‍ പോസ്റ്റിലേക്ക് ചെത്തിയിടാന്‍ ശ്രമിച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി.
23-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജിയോര്‍ജിയോ കെല്ലിനിയുടെ ഹെഡ്ഡര്‍ തുര്‍ക്കി ഗോള്‍ കീപ്പര്‍ ഉഗുര്‍കാന്‍ കാകിര്‍ ക്രോസ് ബാറിന് മുകളിലൂടെ തട്ടിയകറ്റി. 43-ാം മിനിറ്റില്‍ ഇമ്മൊബീലിന്റെ ലോങ്‌റേഞ്ച് ഷോട്ട് കാകിര്‍ കൈപ്പിടിയിലൊതുക്കി. ആദ്യ പകുതിയില്‍ ഇത്രയും ശ്രമങ്ങള്‍ ഇറ്റലി നടത്തിയിട്ടും തുര്‍ക്കിക്ക് എതിര്‍ഗോള്‍ കീപ്പറെ പരീക്ഷിക്കാന്‍ പോലും സാധിച്ചിരുന്നില്ല.
53-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ തുര്‍ക്കിയുടെ വല കുലുങ്ങി. വലത് വിംഗില്‍ നിന്ന് ഡൊമെനികോ ബെറാര്‍ഡി ബോക്‌സിലേക്ക് നല്‍കിയ ക്രോസ് തുര്‍ക്കി പ്രതിരോധതാരം മെറിഹ് ഡെമിറാളിന്റെ ദേഹത്ത് തട്ടി ഗോള്‍വര കടന്നു. ഗോള്‍ വഴങ്ങിയതോടെ തുര്‍ക്കി രണ്ട് മാറ്റങ്ങള്‍ വരുത്തിയെങ്കിലും കാര്യമുണ്ടായില്ല. 66-ാം മിനിറ്റില്‍ ലാസിയോ താരം ഇമ്മൊബീലിലൂടെ ഇറ്റലി ലീഡെടുത്തു.
ലിയോനാര്‍ഡോ സ്പിനസോളയുടെ ശക്തമായ ഷോട്ട് കാകിര്‍ തട്ടിയകറ്റിയെങ്കിലും ബോക്‌സിലുണ്ടായിരുന്ന ഇമ്മൊബീല്‍ അനായാസം വല കുലുക്കി. 79-ാം മിനില്‍ ഇറ്റലി പട്ടിക പൂര്‍ത്തിയാക്കി. ഇത്തവണ ഇമ്മൊബീല്‍ നല്‍കിയ പന്ത് ഇന്‍സിഗ്നെ അനായാസം ഫോര്‍ പോസ്റ്റിലേക്ക് കുത്തിയിറക്കി.
ഇന്ന് മൂന്ന് മത്സരങ്ങളാണ് യൂറോയില്‍. 6.30ന് വെയ്ല്‍സ് ഗ്രൂപ്പ് എയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. ഗ്രൂപ്പ് ബിയില്‍ ഡെന്‍മാര്‍ക്ക് ഫിന്‍ലന്‍ഡിനേയും ബെല്‍ജിയം റഷ്യയേയും നേരിടും.