കണ്ണൂർ: കാട്ടാമ്പള്ളിറോഡിൽ കാട്ടാമ്പള്ളിപ്പാലത്തിനും സ്റ്റെപ്പ് റോഡിനും ഇടയിലെ അനധികൃത പാർക്കിങ്ങിനെതിരേ പോലീസ് നടപടി ശക്തമാക്കി.
കാട്ടാമ്പള്ളി പുഴയോരത്തുള്ള ഗോഡൗണിൽ സിമന്റുമായി മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തുന്ന കൂറ്റൻ ലോറികളും കൺടെയ്നറുകളും ദിവസങ്ങളോളം റോഡരികിൽ നിർത്തിയിടുന്നത് രൂക്ഷമായ ഗതാഗതതടസ്സം ഉണ്ടാക്കുന്നതിനെത്തുടർന്നാണ് നടപടി.
മയ്യിൽ സി.ഐ. ബഷീർ സി.ചിറക്കലിന്റെ നേതൃത്വത്തിൽ പോലീസെത്തി മുഴുവൻ ലോറികളും അവിടെനിന്ന് മാറ്റാൻ നിർദേശിച്ചു. എന്നാൽ, ദിവസങ്ങളായി അവിടെ നിർത്തിയിട്ടിരിക്കുന്ന ചില ലോറികളിൽ ജീവനക്കാർ ഉണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്നവരിൽ നിന്ന് പിഴയീടാക്കുകയും ചെയ്തു.
കാട്ടാമ്പള്ളിപ്പാലത്തിനും സ്റ്റെപ്പ് റോഡിനും ഇടയിൽ നിരവധി ലോറികളാണ് നിർത്തിയിടുന്നത്. ഇതോടെ എതിർദിശകളിൽനിന്ന് വരുന്ന രണ്ട് വലിയ വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാനാവാത്ത സ്ഥിതിയാണ്. ഈ റൂട്ടിൽ തടസ്സങ്ങളില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന ഈഭാഗത്ത് ഇത്തരത്തിലാണ് ഗതാഗതക്കുരുക്ക് രൂപപ്പെടുന്നത്. ബസ് സർവീസ് സാധാരണയാകുന്നതോടെ പ്രശ്നം കൂടുതൽ രൂക്ഷമാകും. പലവട്ടം ആവശ്യപ്പെട്ടിട്ടും സിമന്റ് ഗോഡൗൺ അധികൃതരും ലോറി ജീവനക്കാരും നിസ്സഹകരിക്കുകയാണെന്ന് സി.ഐ. പറഞ്ഞു.
നിർത്തിയിട്ട പല വാഹനങ്ങൾക്കും പിന്നിൽ റിഫ്ലക്ടർ പോലുമില്ല. ടാർപോളിൻ കൊണ്ട് മൂടിയ വാഹനങ്ങളെ രാത്രി കാണാൻ പറ്റില്ല. പ്രത്യേകിച്ചും കനത്ത മഴയുള്ളപ്പോൾ. നിർത്തിയിട്ട ലോറിയുടെ പിന്നിലിടിച്ച സംഭവങ്ങൾ അടുത്തകാലത്തുണ്ടായി.
ലോറിജീവനക്കാർ മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവാണെന്ന പരാതിയുമുണ്ട്. കഴിഞ്ഞ ദിവസം ലോറിയിലെ ജീവനക്കാരനും മീൻവിൽപ്പനക്കാരനും തമ്മിൽ ഏറ്റുമുട്ടി തിരുവനന്തപുരം സ്വദേശിയായ ലോറിഡ്രൈവർക്ക് കുത്തേറ്റിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുകയാണ്.