ശ്രീകണ്ഠാപുരം :- സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കേസില്‍ ഒമ്പത് വര്‍ഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി പിടിയില്‍. ആലക്കോട് വെള്ളോറ സ്വദേശി ബിലാവിനകത്ത് അബ്ദുള്‍ ജലീലാ(49)ണ് അറസ്റ്റിലായത്. ചെങ്ങളായി കുണ്ടകൈയില്‍ വച്ച് 2012ല്‍ ചുഴലി വില്ലേജ് ഓഫിസിലെ വില്ലേജുമാന്റെ ഔദ്യേഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും അശ്ലീല ഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്.
കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന പ്രതിയെ 2016ല്‍ തളിപ്പറമ്പ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കണ്ണൂര്‍ സിറ്റി, തലശേരി, മുഴപ്പിലങ്ങാട്, ചിറക്കല്‍, ആലക്കോട്, വളപട്ടണം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഇന്ന് പുലര്‍ച്ചെ വളപട്ടണത്ത് വച്ചാണ് പോലിസ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി.
ശ്രീകണ്ഠാപുരം എസ്.ഐ കെ.ആര്‍ രഞ്ജിതിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പ്രേമരാജനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.