കൊച്ചി: - സംസ്ഥാനത്ത് ആരാധനാലയങ്ങൾ എപ്പോൾ തുറക്കാനാവുമെന്ന് പറയാനാവില്ലെന്ന് ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണൻ. രോഗവ്യാപന തോത് കുറയുന്ന മുറയ്ക്ക് ആരാധനാലയങ്ങൾ തുറക്കും. ഭക്തന്മാരുടെ സുരക്ഷയ്ക്കാണ് മുൻഗണന. വഴിപാടുകളും മറ്റും ഓണ്‍ലൈന്‍ ആയി നടത്താന്‍ സൗകര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അമ്പലങ്ങളും പള്ളികളും മോസ്കുകളും തുറക്കുന്നതു വലിയ തോതിലുള്ള ജനക്കൂട്ടമുണ്ടാക്കും. അത് രോഗവ്യാപനത്തിനിടയാക്കുമെന്നും മന്ത്രി. രോഗവ്യാപനം കുറയുന്ന മുറയ്ക്ക് അമ്പലങ്ങളും തുറക്കുമെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കണമെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രങ്ങള്‍ തുടര്‍ച്ചയായി അടച്ചിട്ടിരിക്കുന്നത് അവയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. വലിയ ക്ഷേത്രങ്ങളില്‍പ്പോലും വരുമാനം നിലച്ചു. ഇത് മറ്റ് ക്ഷേത്രങ്ങളുടെ നിലനില്പിനെയും ബാധിക്കുമെന്നാണ് ആശങ്ക. കടകമ്പോളങ്ങളൂം മദ്യ ഷാപ്പുകളും വരെ തുറന്നിട്ടും ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുന്നതിനെതിരേ വിവിധ സമുദായ സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്.