മാടായിപ്പാറയിൽ വാഹനങ്ങൾ കയറ്റിയാൽ നടപടി

 

 


പഴയങ്ങാടി :- ഉല്ലാസത്തിനും മറ്റുമായി മാടായിപ്പാറയിലെത്തുന്നവരുടെ വാഹനങ്ങൾ പാറയിലെ പുൽമേടുകളിലേക്ക് കയറ്റിയിടുന്നതിനെതിരേ നടപടിയുമായി പഴയങ്ങാടി പോലീസ്.


മാടായിപ്പാറയിലെത്തുന്നവരിൽ ചിലർ ഒരു നിയന്ത്രണവുമില്ലാതെ തലങ്ങും വിലങ്ങും പുൽമേട്ടിലൂടെ വാഹനങ്ങൾ ഓടിക്കുന്നുണ്ട്‌. ഇത്തരക്കാർക്കെതിരേയാണ്‌ പോലീസ് നടപടി ശക്തമാക്കിയത്.


ശക്തമായ മഴയിലും ദൂരെ സ്ഥലങ്ങളിൽനിന്നുപോലും നിരവധി പേരാണ് ദിവസവും മാടായിപ്പാറയിലെത്തുന്നത്. വാഹനങ്ങൾ റോഡരികിൽ നിർത്തിയിടാൻ സൗകര്യമുണ്ടായിട്ടും, പോലീസ് വെച്ച മുറിയിപ്പ് ബോർഡ് വകവെക്കാതെ വാഹനങ്ങളോടിച്ച് മാടായിപ്പാറയെ നശിപ്പിക്കുകയാണ്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം മാതൃഭൂമി വാർത്ത നൽകിയിരുന്നു. പഴയങ്ങാടി ഗ്രേഡ് എസ്.ഐ. കെ. മനോഹരൻ, ജൂനിയർ എസ്.ഐ. രജനീഷ് മാധവൻ എന്നിവരുടെ നേതൃത്വത്തിലാണ് കർശനനടപടിയെടുക്കുന്നത്.


യാതൊരു നിയന്ത്രണവുമില്ലാതെ ജൈവവൈവിധ്യത്തിന്റെ കലവറയായ മാടായിപ്പാറയിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിക്കുന്നത് ജൈവസമ്പത്തിന് നാശമുണ്ടാക്കുന്നുണ്ട്. ഉല്ലാസത്തിനായെത്തുന്നവർ പാഴ്‌സലായി കൊണ്ടുവരുന്ന ഭക്ഷണസാധനങ്ങൾ കഴിച്ച പാത്രങ്ങൾ, വെള്ളം കൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ളവ പാറയിൽ അലക്ഷ്യമായി വലിച്ചെറിയുന്നതും വലിയ പ്രശ്നമായിട്ടുണ്ട്.

Previous Post Next Post