കണ്ണൂർ :- കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലായ് ആറിന് വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് സംസ്ഥാനത്തെ 25,000 കേന്ദ്രങ്ങളിൽ ഉപവാസസമരം നടത്തും.
സെക്രട്ടേറിയറ്റ് നടയിലുൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾപാലിച്ച് രാവിലെ പത്തുമുതൽ അഞ്ചുവരെയാണ് ഉപവാസ സമരം. കോഴിക്കോട്ട് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
ടി.പി.ആർ. അടിസ്ഥാനമാക്കി എ, ബി, സി, ഡി എന്നിങ്ങനെ വിഭാഗങ്ങളാക്കിയത് അശാസ്ത്രീയമാണെന്നും സോണുകൾ നോക്കാതെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും തുറക്കാൻ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുക, അവശ്യവസ്തുക്കളുടെ വിൽപ്പനയ്ക്കുള്ള അനുമതിയുടെ മറവിൽ വമ്പൻ ഓൺലൈൻ സ്ഥാപനങ്ങൾ എല്ലാ സാധനങ്ങളും വിൽപ്പന നടത്തുന്നത് നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ, ജനറൽ സെക്രട്ടറി രാജു അപ്സര, ട്രഷറർ ദേവസ്യ മേച്ചേരി എന്നിവർ അറിയിച്ചു.