തിരുവനന്തപുരം :- ഉടമ സ്വയം സാക്ഷ്യപ്പെടുത്തിയാൽ കെട്ടിട നിർമാണത്തിന് അനുമതി നൽകാൻ കെട്ടിട നിർമാണച്ചട്ടങ്ങൾ ഭേദഗതിചെയ്ത് വിജ്ഞാപനമായി. ഉടമ നൽകുന്ന വിവരങ്ങൾ വിശ്വാസത്തിലെടുത്തുകൊണ്ടാണ് പെർമിറ്റ് നൽകുന്നത്.
ബാധകം ലോ റിസ്‌ക് കെട്ടിടങ്ങൾക്ക്
ലോ റിസ്‌ക് വിഭാഗത്തിലുള്ള 300 ചതുരശ്ര മീറ്റർ (3299.17 ചതുരശ്രയടി) വരെ വിസ്തൃതിയുള്ള പാർപ്പിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്രമീറ്റർ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയ്ക്കാണ് സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നിർമാണ പെർമിറ്റ് നൽകുന്നത്. കെട്ടിടത്തിന്റെ അടിസ്ഥാനം പൂർത്തിയായിക്കഴിയുമ്പോൾ എംപാനൽ ചെയ്ത ലൈസൻസികൾ സ്ഥലപരിശോധന നടത്തും. ചട്ടലംഘനമുണ്ടെങ്കിൽ തുടക്കത്തിൽത്തന്നെ കണ്ടെത്തും.
ലോ റിസ്‌ക് എന്നാൽ
300 ചതുരശ്ര മീറ്ററിൽത്താഴെ വിസ്തീർണം, ഉയരം ഏഴുമീറ്ററിൽ താഴെ, രണ്ടുനില മാത്രം. ഭൂമിക്കടിയിൽ ഒന്നര മീറ്ററിലേറെ ആഴത്തിൽ കുഴിക്കേണ്ടിവരുന്ന നിർമാണപ്രവർത്തനങ്ങൾക്ക് സ്വയം സാക്ഷ്യപ്പെടുത്തൽ മാർഗത്തിൽ അനുമതിക്ക് അർഹതയില്ല.
പെർമിറ്റ് ലഭിക്കാൻ
പെർമിറ്റുകൾ ലഭിക്കാൻ ഉടമകൾ ആദ്യം ലൈസൻസികളെ സമീപിക്കണം. ഉടമകളും ലൈസൻസികളും ചേർന്നാണ് സ്വയംസാക്ഷ്യപ്പടുത്തൽ സമർപ്പിക്കേണ്ടത്. നിശ്ചിത ഫോമിൽ ലൈസൻസികൾ അപേക്ഷ തയ്യാറാക്കണം. ആവശ്യമായ ഫീസ് അടച്ച് തദ്ദേശ സ്ഥാപനത്തിൽ പ്ലാനുകൾ ഉൾപ്പെടെ നൽകണം. അപേക്ഷ ലഭിച്ചുവെന്ന് തദ്ദേശഭരണ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ നിർമാണത്തിന് പെർമിറ്റ് ലഭിച്ചതായി കണക്കാക്കും. അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ സെക്രട്ടറി ഈ നടപടി പൂർത്തിയാക്കണം.
സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിടനിർമാണ പെർമിറ്റിൽ അപേക്ഷകൻ തന്നെ രേഖപ്പെടുത്തിയ തീയതിയിൽ നിർമാണം ആരംഭിക്കാം. അപേക്ഷ കെട്ടിട നിർമാണ ചട്ടങ്ങൾക്കും ബാധകമായ മറ്റു ചട്ടങ്ങൾക്കും വിധേയമായിരിക്കണം.
ഭൂരിഭാഗം കെട്ടിടങ്ങൾക്കും സ്വയം സാക്ഷ്യപ്പെടുത്തൽ മതി
കേരളത്തിലെ നഗരസഭകൾ ഒരുവർഷം കൈകാര്യം ചെയ്യുന്നത് 80,000 കെട്ടിട നിർമാണ അപേക്ഷകളാണ്. ഗ്രാമപ്പഞ്ചായത്തുകൾ ഏകദേശം 1.65 ലക്ഷം അപേക്ഷകൾ. ആകെ 2.45 ലക്ഷം അപേക്ഷകൾ. ഇതിൽ രണ്ടുലക്ഷം കെട്ടിടങ്ങൾക്കും സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ പെർമിറ്റ് നൽകാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്.