പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിലെ രാജ്ഞി കാണാമറയത്ത് മുട്ടകളിൽ അടയിരിക്കുന്നു


• പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ മുട്ടയിടാൻ പ്രത്യേക കൂട്ടിൽ കഴിയുന്ന രാജവെമ്പാല റാണി

കണ്ണൂർ: നീണ്ട ഇടവേളയ്ക്കുശേഷം പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ സന്ദർശകർ എത്തിത്തുടങ്ങിയപ്പോൾ അവിടത്തെ 'റാണി' കാണാമറയത്താണ്. സന്തതിപരമ്പരകൾക്ക് ജന്മംനൽകാനുള്ള തയ്യാറെടുപ്പിലാണ് പാർക്കിലെ ഓമനയായ ഈ ‘രാജ്ഞി’.

സ്‌നേക്ക് പാർക്കിലെ രണ്ട് രാജവെമ്പാലകളിൽ ആണിനെ മാത്രമേ ഇപ്പോൾ പ്രദർശിപ്പിക്കുന്നുള്ളൂവെന്ന് പാർക്കിലെ പാമ്പുകളുടെ മേൽനോട്ടക്കാരൻ നന്ദൻ പറഞ്ഞു. മുട്ടകളിൽ അടയിരിക്കുകയാണ് റാണി.

ആൾക്കാരെ കാണുമ്പോൾ അസ്വസ്ഥത പ്രകടിപ്പിക്കുന്നതിനാൽ അവളെ പ്രത്യേക സ്ഥലത്ത് പാർപ്പിച്ചിരിക്കുകയാണ്. ഉണങ്ങിയ ഇലകൾകൊണ്ട് പ്രത്യേക കൂടൊരുക്കി അതിലാണ് മുട്ടയിടുക. കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്നേക്ക് പാർക്ക് സന്ദർശകർക്കായി തുറന്നത്.

ചേരകളാണ് രാജവെമ്പാലകളുടെ പ്രധാന ഭക്ഷണം. ആഴ്ചയിൽ ഒരിക്കലേ ഭക്ഷണം വേണ്ടൂ. കൂട്ടിൽ ഇട്ടുകൊടുക്കുന്ന ചേരയെ കടിച്ച് വിഷമേൽപ്പിച്ച്‌ നിശ്ചലമാക്കും. പിന്നീട് വിഴുങ്ങും. പാമ്പുകൾ ശീതരക്തജീവികളായതിനാൽ വിഷം പതുക്കെ മാത്രമേ ശരീരത്തിൽ പ്രവർത്തിക്കൂ. മറ്റു ജീവികളെ രാജവെമ്പാല കടിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ മരിക്കും. എന്നാൽ ചേരകൾ 20 മിനിറ്റുവരെ എടുക്കും.

20-22 വർഷമാണ് ഒരു രാജവെമ്പാലയുടെ ശരാശരി ആയുസ്സ്. 18 അടിവരെ വളരും.

Previous Post Next Post