അബുദാബി: ഇന്ത്യയിൽനിന്ന് അബുദാബിയിലെത്തുന്ന താമസവിസക്കാർക്ക് 12 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് ഇത്തിഹാദ് എയർലൈൻ അറിയിച്ചു. നേരത്തേ പത്തുദിവസമായിരുന്നു ക്വാറന്റീൻ. ഇവർ ആറാം ദിവസവും 11-ാം ദിവസവും കോവിഡ് പരിശോധന നടത്തണം.
ഇത്തിഹാദ് വെബ്സൈറ്റിൽ യാത്രാ നിബന്ധനകളിൽ ഭേദഗതി വരുത്തി. എത്തുന്നവർ ക്വാറന്റീൻ കാലയളവിൽ ട്രാക്കിങ് വാച്ച് ധരിക്കണം. കൂടാതെ വീണ്ടും ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയരാവുകയും വേണം. അബുദാബി വിമാനത്താവളത്തിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന സമയം യാത്രക്കാർക്ക് ട്രാക്കിങ് വാച്ച് നൽകും.
യു.എ.ഇ.യിൽനിന്ന് രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ എടുത്ത് 14 ദിവസം പിന്നിട്ട താമസവിസക്കാർക്കാണ് പ്രവേശനാനുമതി.