കണ്ണൂർ :- ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സപ്തംബർ 2 ന് നടക്കും.എ.ഐ.സി.സി മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി എം.പി ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.
പുതിയ കെട്ടിടത്തിൽ വച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി, എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
മുതിർന്ന നേതാക്കളായ ഏ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.മുരളീധരൻ, വി.എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം.ഹസ്സൻ ,എം.കെ രാഘവൻ എം.പി, രാജ്മോഹൻ ഉണ്ണിത്താൻ എം.പി തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.
6500 സ്ക്വയർ ഫീറ്റിൽ മൂന്നു നിലകളിലാണ് ഇപ്പോൾ പൂർണമായും നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ചിട്ടുള്ളത്. കെട്ടിടത്തിൽ വിശാലമായ പാർക്കിംങ്ങ് സൗകര്യം പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.
താഴത്തെ നിലയിൽ ആധുനിക സജ്ജീകരണത്തോടുകൂടിയുള്ള കോൺഫറൻസ് ഹാളും അഖിലേന്ത്യാ പാർട്ടി നേതൃത്വത്തിന് ഉൾപ്പെടെ പത്രസമ്മേളനത്തിന് സൗകര്യപ്രദമായ ആധുനിക സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.
എല്ലാ പോഷക സംഘടനകളുടെയും ഓഫീസുകൾ പ്രവർത്തിക്കാൻ സൗകര്യപ്രദമായ റൂമുകളും,നവമാധ്യമ ഇടപെടലുകൾക്കും മറ്റ് ഐ.ടി സംബന്ധമായ ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന പ്രത്യേക സൗകര്യങ്ങളോടുകൂടിയ റൂം സൗകര്യവും പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.
കെപിസിസി പ്രസിഡന്റ് ബഹുമാനപ്പെട്ട കെ.സുധാകരന് ക്യാമ്പ് സൗകര്യം ഒരുക്കുന്നതിനു വേണ്ടി പ്രത്യേകം സജ്ജീകരിച്ച ഓഫീസ് റും ഉൾപ്പെടെ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്റെ ഓഫീസ് റൂമുകളും താഴത്തെ നിലയിൽ തന്നെയാണ് പ്രവർത്തിക്കുക.റിസപ്ഷൻ കൗണ്ടറും അടുക്കളയും ഗ്രൗണ്ട് ഫ്ലോറിൽ ഒരുക്കിയിട്ടുണ്ട്.
ഒന്നാം നിലയിൽ 1000 പേർക്ക് ഇരിക്കാൻ കഴിയുന്ന വിശാലമായ ഓഡിറ്റോറിയവും 500 സ്ക്വയർ ഫീറ്റ് ചുറ്റളവിൽ ആധുനിക ലൈബ്രറി സൗകര്യവും ഒരുക്കിയിട്ടുണ്ട്.അതിഥികൾക്ക് താമസിക്കാനുള്ള റൂമുകളും ഡോർമെറ്ററി സൗകര്യത്തിനുള്ള റൂമുകളും ഒന്നാം നിലയിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഓഫീസിന്റെ മുൻവശം ഗാന്ധി പ്രതിമയും സ്ഥാപിക്കുന്നുണ്ട്.
ഓഫീസ് ഉദ്ഘാടനത്തിന് നേരത്തെ രാഹുൽഗാന്ധിക്ക് നേരിട്ട് പങ്കെടുക്കാനുള്ള താല്പര്യം മുൻകൂട്ടി അറിയിച്ചിട്ടുണ്ടെങ്കിലും കോവിഡ് കാലഘട്ടത്തിലെ പ്രതിസന്ധി മൂലം സൗകര്യപ്രദമായ സമയം ലഭിക്കാൻ താമസിച്ചതാണ് ഉദ്ഘാടനത്തിന് കാലതാമസം നേരിട്ടത്.
രാഹുൽ ഗാന്ധിക്ക് ഓഫീസ് ഉദ്ഘാടനത്തിന് നേരിട്ട് പങ്കെടുക്കാൻ ആഗ്രഹമുണ്ടെങ്കിലും, ജില്ലയിൽ എത്തിച്ച് വലിയ ആഘോഷത്തോടെ ഉദ്ഘാടന പരിപാടി നടത്താൻ കെ.പി.സി.സിയും ജില്ലയിലെ പാർട്ടി സംഘടനാ നേതൃത്വവും ആഗ്രഹിക്കുന്നുവെങ്കിലും നിലവിലുള്ള കോവിഡ് സാഹചര്യത്തിലെ പ്രതിസന്ധി കണക്കിലെടുത്താണ് നേതാക്കളും പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുന്ന രൂപത്തിൽ വലിയതോതിലുള്ള ആഘോഷങ്ങളില്ലാതെ ഉദ്ഘാടനം നടത്തുന്നത്.
കേരളത്തിൽ തന്നെ എറ്റവും മനോഹരവും ആധുനിക സൗകര്യങ്ങൾ ഉള്ളതുമായ ഓഫിസ് കൂട്ടായ്മയിലൂടെ പണി കഴിപ്പിക്കാൻ സാധിച്ചു എന്നതിലുള്ള വലിയ സന്തോഷമാണ് ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ എനിക്കുള്ളത് എന്ന് സതീശൻ പാച്ചേനി പറഞ്ഞു.