ദുബൈ: യുഎഇയിലേക്ക് പ്രവാസികള്‍ക്ക് പ്രവേശനാനുമതി നല്‍കുന്നതിനുള്ള നിബന്ധനകള്‍ അധികൃതര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് അഞ്ചിന് പുലര്‍ച്ചെ 12.01 മുതല്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവാസികളെ പ്രവേശിക്കാന്‍ അനുവദിക്കുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്കും വിമാനക്കമ്പനികള്‍ക്കും അയച്ച സര്‍ക്കുലറില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
ഇന്ത്യ, നേപ്പാള്‍, നൈജീരിയ, പാകിസ്ഥാന്‍, ശ്രീലങ്ക, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുക. രണ്ട് ഡോസ് കൊവിഡ് വാക്സിനും യുഎഇയില്‍ നിന്ന് തന്നെ സ്വീകരിച്ച, സാധുതയുള്ള യുഎഇ താമസ വിസയുള്ളവര്‍ക്കാണ് പ്രവേശനം അനുവദിക്കുക. യുഎഇയിലെ ആരോഗ്യ സ്ഥാപനം നല്‍കിയ വാക്സിനേഷന്‍ കാര്‍ഡ് ഇവരുടെ കൈവശമുണ്ടായിരിക്കണം. യുഎഇയിലെ സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ സംവിധാനങ്ങളുടെ സ്‍മാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ലഭ്യമാവുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളും അംഗീകരിക്കും.
ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‍സുമാര്‍, മെഡിക്കല്‍ ടെക്നീഷ്യന്മാര്‍ എന്നിവര്‍ക്ക് വാക്സിന്‍ എടുത്താലും ഇല്ലെങ്കിലും പ്രവേശനാനുമതി നല്‍കും. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫസര്‍മാര്‍, സര്‍വകലാശാലകളിലും കോളേജുകളിലും സ്‍കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പിക്കുന്ന അധ്യാപകര്‍ എന്നിവര്‍ക്കും വാക്സിനെടുത്തിട്ടില്ലെങ്കിലും പ്രവേശനം അനുവദിക്കും. യുഎഇയില്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെയും ഇത്തരത്തില്‍ വാക്സിനേഷന്‍ നിബന്ധനയില്ലാതെ പ്രവേശിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കുടുംബാംഗങ്ങളുടെ അടുത്തേക്ക് പോകാനുള്‍പ്പെടെയുള്ള മാനുഷികമായ പരിഗണനകള്‍ മുന്‍നിര്‍ത്തിയും, സാധുതയുള്ള താമസ വിസക്കാരെ വാക്സിനേഷന്‍ നിബന്ധന പരിഗണിക്കാതെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യുഎഇയിലെ ഫെഡറല്‍, ലോക്കല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, യുഎഇയില്‍ ചികിത്സാ ആവശ്യാര്‍ത്ഥം പോകുന്നവര്‍ എന്നിവര്‍ക്കും ഇത്തരത്തില്‍ അനുമതി നല്‍കും.
യാത്ര ചെയ്യുന്നവര്‍ 48 മണിക്കൂറിനിടെ എടുത്ത കൊവിഡ് പരിശോധനാ ഫലം ഹാജരാക്കണം. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ലഭിച്ച, ക്യു.ആര്‍ കോഡ് ഉള്‍പ്പെടെയുള്ള പരിശോധനാ ഫലമാണ് വേണ്ടത്. ഒപ്പം വിമാനത്തില്‍ കയറുന്നതിന് മുമ്പ് കൊവിഡ് റാപ്പിഡ് പരിശോധന നടത്തണം. യുഎഇയില്‍ എത്തുമ്പോള്‍ അവിടെ വെച്ച് വീണ്ടും പി.സി.ആര്‍ പരിശോധനയ്‍ക്ക് വിധേയമാകണം.
ദുബൈയില്‍ പ്രവേശിക്കുന്നവര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. ഇതിനായി https://smart.gdrfad.gov.ae/homepage.aspx എന്ന വെബ്‍സൈറ്റ് സന്ദര്‍ശിക്കണം. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും വെബ്‍സൈറ്റ് വഴി സമര്‍പ്പിക്കണം. മറ്റ് എമിറേറ്റുകളില്‍ നിന്നുള്ളവര്‍ ഐ.സി.എ വെബ്‍സൈറ്റില്‍ അപേക്ഷ നല്‍കി അനുമതി വാങ്ങണം.