പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിലെ കുഴികളിൽനിന്നും കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് അപകടസാധ്യത കൂട്ടുന്നു
പാലത്തിൽ മാത്രം പന്ത്രണ്ടിലേറെ കുഴികളുണ്ട്. പ്രധാന കുഴികളെല്ലാം രണ്ടുമാസത്തിനുള്ളിൽ നാലുതവണ അടച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ഏറ്റവും അവസാനം ഒരാഴ്ച മുൻപ് സിമന്റ് കലക്കി ഒഴിച്ചാണ് കുഴികൾ നികത്തിയത്. അവ രണ്ടുദിവസത്തിനുള്ളിൽതന്നെ ഉറച്ച് കട്ടയായി പൊടിഞ്ഞ് വാഹനങ്ങൾ ചീറിപ്പായുമ്പോൾ പുറത്തേക്ക് തെറിക്കുന്ന സ്ഥിതിയിലായിരുന്നു. ചില കുഴികളിൽ നിന്നും അവ പൂർണമായി പുറത്തേക്ക് തെറിച്ചതോടെ വലിയ കുഴികളിൽനിന്നും കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുകയാണ്.
ഭാരമുള്ള ചരക്ക് ലോറികൾ അടക്കം പലത്തിലൂടെ കടക്കുമ്പോൾ കുഴികൾ കടുത്ത ഭീഷണിയാകും. പാലം നിർമാണത്തിലെ നിരവധി അപാകം വ്യക്തമാക്കുകയും വിജിലൻസ് അന്വേഷണം അടക്കം നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് മേൽപ്പാലത്തിന്റെ മധ്യ ഭാഗത്ത് സ്ഥിരമായി വലിയ കുഴികൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്.