പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് കേന്ദ്രമാക്കി നടത്തിയിരുന്ന ജലഗതാഗത സർവീസുകൾക്ക് കോവിഡിനെത്തുടർന്ന് വൻ നഷ്ടം. മേയ് രണ്ടിന് നിർത്തിയ സർവീസ് ഇനിയും പുനരാരംഭിക്കാനായിട്ടില്ല. ആന്തൂർ നഗരസഭയിൽപ്പെടുന്ന പറശ്ശിനിക്കടവിൽ കോവിഡിന്റെ വ്യാപനം കൂടുതലായതിനാൽ ട്രിപ്പിൾ ലോക്ഡൗൺ ഉൾപ്പെടെ ഏർപ്പെടുത്തേണ്ടിവന്നതോടെയാണ് സർവീസ് പുനരാരംഭിക്കൽ അനിശ്ചിതമായി നീണ്ടത്. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെത്തുന്ന ജനങ്ങളായിരുന്നു സർവീസ് കൂടുതലും ഉപയോഗപ്പെടുത്തിയിരുന്നത്. ആരാധനാലയങ്ങളിൽ നിയന്ത്രണം വന്നതോടെ സർവീസ് പുനരാരംഭിച്ചാലും നഷ്ടമാകും ഫലം. ഇതും സർവീസ് വീണ്ടും തുടങ്ങാനുള്ള തീരുമാനത്തിൽനിന്ന് അധികൃതരെ പിന്നോട്ടടിപ്പിക്കുന്നു.
മഴക്കാലത്ത് സർവീസ് പുനരാരംഭിക്കുന്നത് ലാഭകരമാകില്ലെന്ന ചിന്തയിലാണ് ബന്ധപ്പെട്ടവർ. കൂടാതെ പുഴയിൽ വെള്ളം കൂടിയ അവസ്ഥയിൽ ബോട്ട് സർവീസ് നടത്തുന്നത് ദുഷ്‌കരവുമാണ്. മഴ കുറഞ്ഞാൽ ഓണത്തോടനുബന്ധിച്ച് സർവീസ് തുടങ്ങാനാകുമോ എന്ന കാര്യം പരിഗണിക്കുന്നുണ്ട്. ജലഗതാഗതവകുപ്പിന്റെ ഒരു യാത്രാബോട്ട്, ഒരു വാട്ടർ ടാക്‌സി, കെ.ടി.ഡി.സി.യുടെ രണ്ട് സ്പീഡ് ബോട്ട് എന്നിവയാണ് നിലവിലിൽ പറശ്ശിനിക്കടവിലുള്ളത്. കൂടാതെ ആറ് സ്വകാര്യ ബോട്ടുകളുമുണ്ട്. ഇവയൊന്നും ഇപ്പോൾ സർവീസ് നടത്തുന്നില്ല.
കോവിഡിന്റെ വരവോടെ ബോട്ടുകൾ വളരെക്കുറച്ച് കാലയളവ് മാത്രമാണ് സർവീസ് നടത്തിയിരുന്നത്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും അനിശ്ചിതമായി സർവീസുകൾ നർത്തിവെക്കുകയായിരുന്നു. പറശ്ശിനിക്കടവ്-മാട്ടൂൽ യാത്രാബോട്ടിനെ ആശ്രയിച്ചിരുന്ന സ്ഥിരം യാത്രക്കാരെയാണ് സർവീസ് ഒഴിവാക്കിയത് കാര്യമായി ബാധിച്ചത്. മാങ്കടവ്, പാമ്പുരുത്തി, നാറാത്ത്, പാറക്കൽ, വളപട്ടണം, പാപ്പിനിശ്ശേരി, ബോട്ടുപാലം, അഴീക്കൽ എന്നീ സ്റ്റോപ്പുകൾ പറശ്ശിനിക്കടവിനും മാട്ടൂലിനുമിടയിലുണ്ട്. മാട്ടൂലിലേക്ക് എളുപ്പത്തിൽ പോകാൻ ഒട്ടേറെ യാത്രക്കാർ ബോട്ടിനെ ആശ്രയിച്ചിരുന്നു.
നവീകരിച്ച ബോട്ടുജെട്ടി ഉൾപ്പെടെ തുറന്നുകൊടുത്തതും പുതുതായി വാട്ടർ ടാക്‌സി അനുവദിച്ചതും അടുത്തിടെയാണ്. പുതുതായി യാത്രാബോട്ട് അനുവദിക്കുമെന്ന പ്രഖ്യാപനവും വന്നിരുന്നു. എന്നാൽ, അതിനുപിന്നാലെയാണ് അനിശ്ചതമായി സർവീസ് നിർത്തിവെക്കേണ്ടിവന്നത്.