മാനസ കൊലപാതകം ; രഖിലിന് തോക്ക് നൽകിയ ആളെ കോതമംഗലം പോലീസ് ബിഹാറിൻ്റെ ഉൾ ഗ്രാമത്തിൽ നിന്നും സാഹസികമായി പിടികൂടി


കൊച്ചി :-
  കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ കോളജിലെ ഹൗസ് സർജൻ നാറാത്ത് സ്വദേശിനി പി.വി. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രഖിലിനു പിസ്റ്റൾ നൽകിയയാളെ ബിഹാറിൽ നിന്ന് കോതമംഗലം എസ്ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. 

ബിഹാർ മുൻഗർ ജില്ലയിലെ പ്രതാര ഗ്രാമത്തിലെ സോനു കുമാർ മോദി (21) ആണ് പിടിയിലായത്.

ബിഹാർ പൊലീസിന്റെ സഹായത്തോടെയായിരുന്നു കോതമംഗലം എസ്ഐ മാഹിനിന്റെ നേതൃത്വത്തിൽ മൂന്ന് പൊലീസുകാർ ഉൾപ്പെടെയുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. സോനു കുമാറിനെ മുൻഗർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. തുടർന്നു മജിസ്ട്രേട്ട് അശ്വിനി കുമാർ കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് ട്രാൻസിറ്റ് വാറന്റ് അനുവദിച്ചു.

രഖിലിനെ സോനുവിലേക്ക് എത്തിച്ച ഊബർ ടാക്സി ഡ്രൈവറെ കേരള പൊലീസ് തിരയുന്നുണ്ട്. പട്നയിൽനിന്ന് ഇയാളുടെ സഹായത്തോടെ രഖിൽ മുൻഗറിൽ എത്തിയെന്നാണ് സൂചന.

പിടി കൂടുമ്പോൾ സോനുവിന്റെ സംഘം എതിർത്തെങ്കിലും മുൻഗർ എസ്പിയുടെ സ്ക്വാഡും ഒപ്പമുണ്ടായിരുന്നതു കേരള പൊലീസിനു സഹായമായി. പൊലീസ് സംഘം വെടിയുതിർത്തതിനെ തുടർന്ന് ഇവർ കടന്നു കളഞ്ഞു. രഖിലിന്റെ സുഹൃത്തിൽ നിന്നാണു പൊലീസിനു തോക്ക് നൽകിയയാളെക്കുറിച്ച് വിവരം ലഭിച്ചതെന്നാണു സൂചന.

Previous Post Next Post