കുറ്റ്യാട്ടൂർ- മയ്യിൽ മേഖലയിൽ വീണ്ടും സ്വകാര്യ ബസുകൾക്ക് നേരെ അതിക്രമം

 


മയ്യിൽ:-പാവന്നൂർമൊട്ടയിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബേങ്കിനു സമീപം നിർത്തിയിട്ട അർബാബ് ഗ്രൂപ്പിന്റെ രണ്ട് ബസുകളുടെ എൻജിനുകളിൽ അക്രമികൾ ഉപ്പ് നിറച്ചു.കൊറോണ കാലമായതിനാൽ സ്റ്റോപ്പേജ് വാങ്ങി രണ്ട് മാസമായി സർവീസ് നിർത്തി വച്ച രണ്ട് ബസിന്റെ എൻജിനിലാണ് ഉപ്പു നിറച്ചത്.

കണ്ണൂർ ആശുപത്രി, മയ്യിൽ, പഴശിപള്ളി റൂട്ടിലും, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, ചെമ്പേരി, ഏറ്റുപാറ റൂട്ടിലും സർവീസ് നടത്തിയ ബസുകളാണിവ. ഇന്ന് കാലത്ത് ഉടമ കെ.കെ.ദാവൂദ് ബസ് വർക്ക്ഷോപ്പിലേക്കു കൊണ്ടു പോകുന്നതിനായി എത്തിയപ്പോഴാണ് ഉപ്പ് നിറച്ച നിലയിൽ കണ്ടെത്തിയത്. 

ദാവുദിന്റെ പരാതി പ്രകാരം മയ്യിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടാഴ്ച മുൻപ് പൊറോലത്ത് വച്ച് കണ്ണൂർ ആശുപത്രി, മയ്യിൽ, പഴശി പള്ളി റൂട്ടിലോടുന്ന  അറബാബ് ഗ്രൂപ്പിന്റെ ഹയാസ് ബസിന്റെ എൻജിനിലും, റേഡിയേറ്ററിലും ഉപ്പ് നിറച്ച സംഭവം ഉണ്ടായിരുന്നു. 

ആഴ്ചകൾക്ക് മുൻപ് കരിങ്കൽക്കുഴിയിൽ വച്ച് നിർത്തിയിട്ട സ്വകാര്യബസിന്റെ ചില്ലുകൾ തകർത്തിരുന്നു.  കണ്ടക്കൈയിൽ വച്ച് സ്വകാര്യ ബസിനു മേൽ കരി ഓയിൽ ഒഴിച്ച സംഭവവും ഉണ്ടായിരുന്നു. 

ബസുകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ എതിരെ നാട്ടുകാരിൽ പ്രതിഷേധം ശക്തമാവുകയാണ്.

Previous Post Next Post