കണ്ണൂർ :- കേരളത്തിലെ ഏറ്റവും മികച്ചതും ആധുനിക ഭൗതിക സൗകര്യങ്ങളുള്ളതുമായ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അങ്കണത്തിൽ സ്ഥാപിക്കാന്‍ ഒരുക്കിയ മഹാത്മജിയുടെ പൂര്‍ണകായ പ്രതിമ ഓഫീസിന് തിലക ചാര്‍ത്താകും. പ്രതിമയുടെ മിനുക്ക് പണികളെല്ലാം ശില്‍പ്പി കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഇ.എൻ ശ്രീജിത്ത്കുമാർ പൂര്‍ത്തിയാക്കി ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിക്ക് കഴിഞ്ഞ ദിവസം കൈമാറി.
പാച്ചേനിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ശില്പി ശ്രീജിത്തിന്റെ വീട്ടില്‍ നിന്നും മഹാത്മജിയുടെ പ്രതിമ കണ്ണൂരിലെ ഓഫീസിലെത്തിച്ച് ആദരപൂർവ്വം സ്ഥാപിച്ചു.
മഹാത്മജിയുടെപ്രതിമക്ക് ഡിസിസി ഓഫീസില്‍ പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെയും നിയുക്ത ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ജോര്‍ജ്ജിന്റെയും നേതൃത്വത്തിൽ നേതാക്കൾ ചേര്‍ന്ന് പുഷ്പാര്‍ച്ചന നടത്തിയാണ് സ്ഥാപിച്ചത്.
പൂര്‍ണമായി ഫൈബര്‍ ഗ്ലാസ്സില്‍ തീര്‍ത്ത ശില്‍പ്പത്തിന് എട്ടടിയോളം വലിപ്പമുണ്ട്. ശില്‍പ്പം വെങ്കലത്തില്‍ തീര്‍ത്തിരിക്കുന്ന പ്രതീതി ഒറ്റ നോട്ടത്തിലുണ്ടാക്കുന്ന രീതിയിലാണ് അവസാന മിനുക്ക് പണികള്‍ നടത്തിയത്.
ഡി.സി.സി. ഓഫീസില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമ ശില്‍പ്പി ഇതുവരെ നിര്‍മ്മിച്ച ശില്‍പ്പങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തത പുലര്‍ത്തുന്നതാണെന്ന് ശില്പി പറഞ്ഞു. കഴിഞ്ഞ നാല് മാസത്തോളമായി ശ്രീജിത്ത് പ്രതിമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു.
ഗാന്ധിയൻ മൂല്യങ്ങളുടെ പ്രസക്തി ലോകത്താകമാനം വർദ്ധിച്ച് വരുന്ന കാലഘട്ടത്തിൽ ഗാന്ധിയൻ ദർശനങ്ങളെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ദീപ്തമായ സ്മരണകൾ ഓരോ കോൺഗ്രസ് പ്രവർത്തകനും നെഞ്ചേറ്റുന്നതിനും വേണ്ടിയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിൽ മഹാത്മജിയെ ദർശിച്ച് മാത്രം ഓഫീസിലേക്ക് പ്രവർത്തകർ കയറുന്നതിന് സാധിക്കുന്ന വിധത്തിൽ പ്രതിമ സ്ഥാപിക്കുന്നത്.
മഹാത്മജി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ ചരിത്രവും പാരമ്പര്യവും തമസ്കരിക്കാനും സബർമതി ആശ്രമത്തിന്റെ പരിപാവത്വത്തെ പോലും വികൃതമാക്കാനും കേന്ദ്രസർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ നാടിനും ജനങ്ങൾക്കും ഗാന്ധിജിയുടെ ആശയങ്ങൾ വഴി കാട്ടിയാണെന്ന് പ്രഖ്യാപിച്ച്ഗാന്ധി പ്രതിമ ഡിസിസി ഓഫീസിന്റെ അങ്കണത്തിൽ സ്ഥാപിക്കുന്നതിന് ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും കല്യാശ്ശേരിയിൽ വച്ച് പ്രതിമ ശില്പിയിൽ നിന്ന് ഏറ്റ് വാങ്ങി ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.
നേതാക്കളായ നിയുക്ത ഡി സി സി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ് ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത്, കല്യാശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കൂനത്തറ മോഹനൻ, കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രാജേഷ് പാലങ്ങാട് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മുന്‍ കെ പി സി സി പ്രസിഡന്റും യുഡിഎഫ് സംസ്ഥാന ചെയര്‍മാനുമായ എം.എം ഹസ്സൻ പ്രതിമ ഇന്ന് ഡി.സി.സി ഓഫീസിൽ അനാഛാദനം ചെയ്യും.