മയ്യിൽ :- മയ്യിൽ ബസ് സ്റ്റാൻഡിലേക്കു ബസുകൾ കയറാത്തതിൽ പ്രതിഷേധിച്ചു വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റ് നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മയ്യിൽ സിആർസി വായനശാലക്കു മുൻവശം നടന്ന സമരം വ്യാപാരി വ്യവസായ സമിതി മയ്യിൽ ഏരിയ രക്ഷാധികാരി കെ.നാണു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.പി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സി.പി.ബാബു, പ്രസിഡന്റ് എസ്.രാജേഷ്, ജില്ലാ കമ്മിറ്റി അംഗം ഉല്ലാസൻ മാരുതി, ഏരിയ ജോയിൻ സെക്രട്ടറി എം.എം.ഗിരീശൻ, വിനോദൻ ടി കണ്ടക്കൈ എന്നിവർ പ്രസംഗിച്ചു. പി.കെ.നാരായണൻ, വി.വി.വിജയൻ, പി.വി.ശശി, കെ.വി.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
സ്റ്റാൻഡിൽ കയറാതെ മെയിൻ റോഡു വഴി കടന്നു പോകുന്ന ബസുകളെ അടുത്ത ദിവസം മുതൽ തടഞ്ഞ് വയ്ക്കുമെന്ന് സമര സമിതി നേതാക്കൾ അറിയിച്ചു. അതേസമയം ബസ് സ്റ്റാൻറ്റിലേക്കു പോകുന്ന റോഡിൽ മയ്യിൽ സർവീസ് സഹകരണ ബാങ്കിനു മുൻവശം ഇരുവശങ്ങളിലുമായി അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നത് തങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് സ്റ്റാൻഡിൽ പ്രവേശിക്കാതിരിക്കുന്നതിനു കാരണമാകുന്നതെന്ന് ബസ് തൊഴിലാളികൾ പറഞ്ഞു.
വ്യാപാരി വ്യവസായി സമിതി നേതാക്കൾ സമരത്തിനു ശേഷം ബസ്സുകൾ സ്റ്റാൻഡിൽ കൃത്യമായി പ്രവേശിക്കുന്നതിനും, ബസ് സ്റ്റാൻഡ് റോഡിലെ അനധികൃത പാർക്കിങിനു എതിരെ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മയ്യിൽ പൊലീസ്, പഞ്ചായത്ത് അധികൃതർക്കു നിവേദനം നൽകി.