തിരുവനന്തപുരം :- സംസ്ഥാനത്ത് പെരുമഴ തുടരുമ്പോൾ മണ്ണിടിഞ്ഞും ഉരുൾപൊട്ടിയുമുണ്ടായ അപകടങ്ങളിൽ കാണാതായത് 12 പേരെ. ഇടുക്കിയിലെ കൊക്കയാറിൽ മാത്രം എട്ട് പേരെ കണ്ടെത്താനുണ്ട്. കൂട്ടിക്കലിൽ ഉരുൾപൊട്ടിയ സ്ഥലത്ത് ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇവിടെ നാല് പേരെ കൂടെ കണ്ടെത്താനുണ്ട്. തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.
അതേസമയം ഇന്ന് രാത്രിയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമായി തുടരാനാണ് സാധ്യത. അറബിക്കടലിലെ ന്യൂനമർദത്തിന്റെ ശക്തി കുറയുന്നെങ്കിലും മഴ തുടരുമെന്നാണ് വിലയിരുത്തൽ. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിലെത്തി. അണക്കെട്ടിലേക്ക് സെക്കന്റിൽ 8048 ഘനയടി വെള്ളം ഒഴുകി എത്തുന്നുണ്ട്. തമിഴ്നാട് കൊണ്ടു പോകുന്നത് 1331 ഘനയടി വെള്ളം മാത്രമാണ്.
കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായത് എട്ട് പേരെയാണെന്ന് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. ആൻസി (45), ചിറയിൽ ഷാജി (50), പുതുപ്പറമ്പിൽ ഷാഹുലിന്റെ മകൻ സച്ചു ഷാഹുൽ (മൂന്ന്), കല്ലുപുരയ്ക്കൽ ഫൈസൽ നസീറിന്റെ മക്കളായ അപ്പു, മാളു എന്നിവരും ഫൈസലിന്റെ സഹോദരി ഫൗസിയയും മക്കൾ അഹിയാൻ, അഫ്സാന എന്നിവരെയുമാണ് കാണാതായത്.
കൂട്ടിക്കലിലെ കാവാലി ഉരുൾപൊട്ടലിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ പൊലീസ് ഏറ്റെടുത്തു. മുണ്ടക്കയത്തെ ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റും. പ്ലാപ്പള്ളിയിലെ മൂന്ന് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർക്ക് എടുക്കാനായില്ല. മൃതദേഹങ്ങൾ ചളിമൂടിയ നിലയിലാണ്. കൂട്ടിക്കലിലെ (മുണ്ടക്കയം - കോട്ടയം) ഉരുൾപൊട്ടലിൽ മരണമടഞ്ഞതിൽ ഒരു കുടുംബത്തിലെ ആറ് പേരുണ്ടെന്ന് വ്യക്തമായി. ഒറ്റലാങ്കലിലെ മാർട്ടിന്റെ കുടുംബമാണ് അപകടത്തിൽ പെട്ടത്. മാർട്ടിന്റെ ഭാര്യയും മക്കളും അടക്കം ആറ് പേർ മരിച്ചു. കോട്ടയം -ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമാണിത്. കുത്തൊഴുക്കിൽ വീടുകൾ താഴെയുള്ള പുല്ലനയാറിലേക്ക് ഒലിച്ചു പോവുകയായിരുന്നു. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംഭവസ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടിട്ടുണ്ട്.
കാസർകോട് വെള്ളരിക്കുണ്ടിൽ ശക്തമായ മഴ പെയ്യുന്നതായാണ് വിവരം. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ കൊന്നക്കാട് കൂളിമടയിൽ നിന്ന് രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ചെറുപുഴ- ചിറ്റാരിക്കാൽ റോഡിൽ അരിയിരുത്തി ഭാഗത്ത് വെള്ളക്കെട്ടുണ്ട്. വാഹന ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂർ ഡിഎസ്സി സെന്ററിൽ നിന്ന് 25 പേരടങ്ങുന്ന കേന്ദ്രസേന നാളെ രാവിലെ വയനാട്ടിൽ എത്തും.
കനത്ത മഴയിൽ ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് വ്യാപക കൃഷി നാശമുണ്ടായി. 1476 ഹെക്ടർ കൃഷി നശിച്ചു. 8779 കൃഷിക്കാരെ ബാധിച്ചു. 29 കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കുന്നത്.
പത്തനംത്തിട്ടയിൽ മണിമലയിലും വെള്ളാവൂരിലും വീടുകളിൽ വെള്ളം കയറി. വെള്ളാവൂരിൽ 70 ഓളം വീടുകൾ വെള്ളത്തിലായി. മണിമല പോലീസ് സ്റ്റേഷനിലും വെള്ളംകയറി. പത്തനംതിട്ട ജില്ലയില്‍ മൂന്നു താലൂക്കുകളിലായി ഏഴ് ക്യാമ്പുകള്‍ തുറന്നു. അടൂര്‍, മല്ലപ്പള്ളി, കോന്നി താലൂക്കുകളിലാണ് ക്യാമ്പുകള്‍ തുറന്നത്. അടൂര്‍ താലൂക്കില്‍ രണ്ടും മല്ലപ്പള്ളിയില്‍ നാലും കോന്നിയില്‍ ഒരു ക്യാമ്പുമാണ് തുറന്നത്.
പത്തനംതിട്ട കോട്ടാങ്ങലിൽ വീടുകളിൽ വെള്ളം കയറി. എൻഡിആർഎഫ് സംഘം കോട്ടാങ്ങലിലേക്ക് തിരിച്ചു. കാഞ്ഞിരപ്പള്ളി കൂട്ടിക്കൽ മേഖലയിൽ മഴ തുടരുകയാണ്. തിരുവമ്പാടി ടൗണിൽ വെള്ളം കയറിയെങ്കിലും പിന്നീട് ഇറങ്ങി. കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിൽ 15 ഉം മീനച്ചിൽ താലൂക്കിൽ അഞ്ചും കോട്ടയത്ത് ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. 138 കുടുംബങ്ങളിലായി 408 അംഗങ്ങൾ ക്യാമ്പുകളിലുണ്ട്.
പാലാ കൊട്ടാരമറ്റത്ത് റോഡിൽ വെള്ളം കയറി. ഇതു വഴിയുള്ള ഗതാഗതം തടസപ്പെട്ടു. ബൈപാസ് വഴി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ഈരാറ്റുപേട്ട മേഖലയിൽ റോഡ് ഗതാഗതം പുനസ്ഥാപിച്ചു. തീക്കോയി മേലടുക്കം ഭാഗങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായതായുള്ള വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ മഴ ഇപ്പോഴും ശക്തമാണ്.
മരം വീണതിനെ തുടർന്ന് വയനാട് ചുരത്തിലുണ്ടായ ഗതാഗതം പുനഃസ്ഥാപിച്ചു. മുക്കം, കൽപ്പറ്റ സ്റ്റേഷനുകളിലെ അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചുരത്തിൽ രണ്ടു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മഴ മുന്നറിയിപ്പുള്ളതിനാൽ വയനാട്ടിലെ ചെമ്പ്ര വിനോദ സഞ്ചാര കേന്ദ്രം അടച്ചതായി വനം വകുപ്പ് അറിയിച്ചു. പുതുപ്പാടി ഈങ്ങാപ്പുഴയില്‍ ദേശീയ പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വലിയ വാഹനങ്ങള്‍ മാത്രമാണ് കടന്നു പോവുന്നത്.
തമിഴ്നാട്ടിലെ ഗൂഡല്ലൂർ ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നുണ്ട്. ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ ചാലിയാറിന്റെ തീരത്തുള്ള വില്ലേജുകളിൽ ജാഗ്രത നിർദ്ദേശമുണ്ട്. കൊല്ലം ജില്ലയിലെ എല്ലാ ഖനനങ്ങളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവയ്ക്കാൻ കളക്ടർ ഉത്തരവിട്ടു. തെന്മല പരപ്പാർ അണകെട്ടിന്റെ ഷട്ടറുകൾ നാള രാവിലെ പത്ത് സെൻറിമീറ്റർ കൂടി ഉയർത്തും. ഇതോടെ ഉയരം 90 സെന്റിമീറ്ററാകും. കല്ലടയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.
കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ കുട്ടനാട് മേഖലയില്‍ ജലനിരിപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളില്‍ നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ എ അലക്സാണ്ടര്‍ അറിയിച്ചു. കുട്ടനാട് താലൂക്കിന്റെ കിഴക്കന്‍ മേഖലയിലുള്ളവരെ താമസിപ്പിക്കുന്നതിന് ചങ്ങനാശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.