മയ്യിൽ :- യാത്രാദുരിതത്തിൽ പൊറുതിമുട്ടിയ ഗ്രാമവാസികൾ നഗരത്തിൽ കാളവണ്ടിയുമായിറങ്ങിയ പ്രതിഷേധത്തിന് ഫലം കണ്ടു. പൊട്ടിപ്പൊളിഞ്ഞ മയ്യിൽ-കൊയ്യം-വളക്കൈ റോഡ് നന്നാക്കാൻ 11.16 കോടി രൂപയുടെ ഭരണാനുമതി നൽകിയാണ് സർക്കാർ ഉത്തരവിറക്കിയത്.
മയ്യിൽ-ചെങ്ങളായി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. റോഡ് വികസിപ്പിക്കുന്നതിനായി ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ ഓഫ് റോഡ് കൂട്ടായ്മയെന്ന പേരിൽ റോഡിൽ കാളവണ്ടികളിറക്കി പ്രതിഷേധം നടത്തിയിരുന്നു. നടപടിയില്ലാത്തിനെ തുടർന്ന് കഴിഞ്ഞ കഴിഞ്ഞ ദിവസം കണ്ണൂർ നഗരം കേന്ദ്രീകരിച്ചും പ്രതിഷേധം നടത്തിയിരുന്നു.
എം.എൽ.എ.മാരായ സജീവ് ജോസഫ്, കെ.വി. സുമേഷ് എന്നിവർ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ കണ്ടാണ് നടപടികൾക്കായി ആവശ്യപ്പെട്ടത്. ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനനും മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് റോഡിന് തുക അനുവദിച്ചത്.