കമ്പിൽ :- ലോട്ടറി നറുക്കെടുപ്പിൽ വിജയിച്ച നമ്പർ ഉള്ള വ്യാജ ലോട്ടറി നൽകി ലോട്ടറി വിൽപ്പനക്കാരനിൽ നിന്നും പണം തട്ടിയെടുത്തതായി പരാതി. കൊളച്ചേരി സ്വദേശിയായ കുഞ്ഞിരാമൻ ആണ് മയ്യിൽ പോലിസിൽ പരാതി നൽകിയത്.
കഴിഞ്ഞ ദിവസം രാവിലെ കമ്പിൽ ടൗണിൽ വച്ച് ബൈക്കിലെത്തിയ ആൾ തൻ്റെ കൈയിലുള്ള ലോട്ടറി ടിക്കറ്റിന് 2000 രൂപ അടിച്ചെന്ന് പറഞ്ഞ് ലോട്ടറി വിൽപ്പനക്കാരനായ കുഞ്ഞിരാമന് ലോട്ടറി നൽകുകയായിരുന്നു. ലോട്ടറിയിലെ നമ്പർ ഒത്തു നോക്കിയ ശേഷം ഇദ്ദേഹം പണം നൽകുകയും ചെയ്തു.
പിന്നീട് ടിക്കറ്റ് പണത്തിനായി പ്രധാന ഏജൻറുവശം നൽകിയപ്പോഴാണ് തനിക്ക് ലഭിച്ച ടിക്കറ്റ് വ്യാജമാണന്ന് ഇദ്ദേഹത്തിന് മനസിലായത്.നിത്യ ചിലവിന് ലോട്ടറി വിൽപന നടത്തുന്ന ഈ മധ്യവയസ്കന് തനിക്ക് ഈ ലോട്ടറി നൽകിയതാരെന്ന് പോലും അറിയാത്ത സ്ഥിതിയാണ്.തുടർന്ന് ഇദ്ദേഹം സംഭവത്തിൽ മയ്യിൽ പോലീസിൽ പരാതി നൽകുകയായിരുന്നു.