പനാജി :- അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ(ഐ.എഫ്.എഫ്.ഐ) 52-ാം പതിപ്പിന് ഗോവയിൽ ശനിയാഴ്ച തുടക്കം. രാത്രി ഏഴിന് ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കും. ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, രൺവീർ സിങ്, ശ്രദ്ധ കപൂർ തുടങ്ങിയവർ വേദിയിലുണ്ടാകും. കരൺ ജോഹറും മനീഷ് പോളുമാണ് അവതാരകർ. ദിലീപ് കുമാർ, ബുദ്ധദേബ് ദാസ് ഗുപ്ത, സുമിത്ര ഭാവെ എന്നിവർക്ക് ഐ.എഫ്.എഫ്.ഐ. പ്രണാമമർപ്പിക്കും. കാർലോസ് സോറ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ‘ദ കിങ് ഓഫ് ഓൾ ദ വേൾഡ്’ ആണ് ഉദ്ഘാടന ചിത്രം.
കോവിഡ് പശ്ചാത്തലത്തിൽ ഹൈബ്രിഡ് ഫോർമാറ്റിലാണ് മേള സംഘടിപ്പിക്കുന്നത്. അതായത് തിയേറ്ററിലും വെർച്വലായും പ്രദർശനം കാണാം. ഒരു വാക്സിനെങ്കിലും എടുത്തവർക്കാണ് മേളയിൽ പ്രവേശനം.
73 രാജ്യങ്ങളിൽ നിന്ന് 148 ചിത്രങ്ങൾ അന്താരാഷ്ട്ര വിഭാഗത്തിൽ പ്രദർശനത്തിനെത്തും. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുടെ നേതൃത്വത്തിൽ ആദ്യമായി മാസ്റ്റർക്ലാസുകളും സിനിമാ പ്രദർശനവും പ്രിവ്യൂകളും സംഘടിപ്പിക്കുന്നുണ്ട്.