കണ്ണൂർ : - ‘വൈദ്യുതി വിച്ഛേദിക്കും’ എന്ന രീതിയിലുള്ള സന്ദേശം കെ.എസ്.ഇ.ബി.യുടേതെന്ന വ്യാജനേ പ്രചരിക്കുന്നു. ഇത്തരത്തിലുള്ള എസ്.എം.എസ്. സന്ദേശം ലഭിച്ചതായി ചില ഉപഭോക്താക്കൾ കെ.എസ്.ഇ.ബി.യിൽ പരാതിപ്പെട്ടു. കെ.എസ്.ഇ.ബി.യിൽനിന്ന് ലഭിക്കാറുള്ള സന്ദേശത്തിന്റെ ശൈലിക്ക് വിരുദ്ധമായാണ് ഒരു മൊബൈൽ നമ്പറിൽനിന്നുള്ള വൈദ്യുതിവിച്ഛേദന സന്ദേശം ലഭിക്കുന്നത്.
കെ.എസ്.ഇ.ബി. അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, കുടിശ്ശികത്തുക, സെക്‌ഷന്റെ പേര്, പണമടയ്ക്കാനുള്ള വെബ്സൈറ്റ് ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി. തുടങ്ങിയവയുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ഒരിക്കലും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ ആവശ്യപ്പെടാറില്ല. മൊബൈൽ ഫോൺ, കംപ്യൂട്ടർ തുടങ്ങിയവയിലേക്ക് കടന്നുകയറുവാൻ അനുവദിക്കുന്ന ഒരു വിവരവും അപരിചിതരുമായി പങ്കുവെക്കരുതെന്ന് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു.
ഇത്തരം വ്യാജസന്ദേശങ്ങളോ ഫോൺകോളുകളോ ലഭിക്കുന്നപക്ഷം കെ.എസ്.ഇ.ബി.യുടെ കസ്റ്റമർ കെയർ നമ്പരായ 1912-ൽ വിളിച്ചോ 9496001912 എന്ന നമ്പരിൽ വാട്സാപ് സന്ദേശമയച്ചോ അറിയിക്കാവുന്നതാണെന്ന് കണ്ണൂർ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ.മണി അറിയിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.