മുംബൈ:- നാലു മെട്രോ നഗരങ്ങൾ ഉൾപ്പെടെ തിരഞ്ഞെടുത്ത 13 നഗരങ്ങളിൽ 2022-ൽ അഞ്ചാം തലമുറ (5 ജി) ടെലികോം സേവനം തുടങ്ങുമെന്ന് ടെലികോം മന്ത്രാലയം. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഗുരുഗ്രാം, ചണ്ഡീഗഢ്, ജാംനഗർ, അഹമ്മദാബാദ്, ഹൈദരാബാദ്, ലഖ്നൗ, പുണെ, ഗാന്ധിനഗർ നഗരങ്ങളിലാണിത്.
ഭാരതി എയർടെൽ, റിലയൻസ് ജിയോ, വൊഡാഫോൺ ഐഡിയ എന്നിവ നിലവിൽ ഈ നഗരങ്ങളിൽ 5 ജി പരീക്ഷണം നടത്തുന്നുണ്ട്. ടെലികോം കമ്പനികൾക്കൊപ്പം സ്മാർട്ട്ഫോൺ നിർമാണ കമ്പനികളും സർക്കാരും ഇതിന്റെ ഗവേഷണ വികസന, പരീക്ഷണ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. 2018 -ലാണ് തദ്ദേശ 5 ജി സാങ്കേതികവിദ്യക്കായുള്ള പരീക്ഷണങ്ങൾ തുടങ്ങിയത്. 2021 ഡിസംബർ 31-ന് ഇതു പൂർത്തിയാകുമെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കി. ടെലികോം വകുപ്പ് ഗവേഷണങ്ങൾക്കായി ഇതുവരെ 224 കോടി രൂപ ചെലവിട്ടിട്ടുണ്ട്.
5 ജി പരീക്ഷണങ്ങൾക്ക് ഒരുക്കിയിട്ടുള്ള സംവിധാനങ്ങൾ ടെലികോം മേഖലയുടെ ഭാവി പദ്ധതികൾക്ക് അടിത്തറയിടാൻ ലക്ഷ്യമിട്ടുകൂടി ഒരുക്കിയിട്ടുള്ളതാണ്. തദ്ദേശീയമായി 5 ജി സാങ്കേതികവിദ്യയും ഉപകരണങ്ങളും വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനുമൊപ്പം 6 ജി സാങ്കേതികവിദ്യയുടെ ഗവേഷണങ്ങൾക്കും തുടക്കമാകും. നിലവിൽ 5 ജി പരീക്ഷണം അവസാന ഘട്ടത്തിലാണ്. വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നതിൽ സ്പെക്ട്രം നിർണായകമായിരിക്കും.
ഭാരതി എയർടെൽ, റിലയൻസ് ജിയോ, വൊഡാഫോൺ ഐഡിയ, എം.ടി.എൻ.എൽ. എന്നീ കമ്പനികൾക്ക് 5 ജി പരീക്ഷണത്തിന് സ്പെക്ട്രം അനുവദിച്ചിരുന്നു. ഉപകരണ നിർമാണ കമ്പനികളായ എറിക്സൺ, നോക്കിയ, സാംസങ്, മാവെനീർ എന്നീ കമ്പനികളും പരീക്ഷണത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, സ്പെക്ട്രത്തിന്റെ അടിസ്ഥാനവില കുറയ്ക്കണമെന്ന നിലപാടിലാണ് ടെലികോം കമ്പനികൾ. 5 ജിയ്ക്കായുള്ള സ്പെക്ട്രം ലേലം മേയ് - ജൂൺ മാസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലേലത്തിനായി വിശദമായ ശുപാർശകൾ കൈമാറാൻ ടെലികോം വകുപ്പ് ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് (ട്രായ്) ആവശ്യപ്പെട്ടിരുന്നു.