മയ്യിൽ:-ചാലോട്-മയ്യിൽ പ്രധാന റോഡിലെ പഴശ്ശി-മണിയിങ്കീൽ കവലയിൽ ബൈക്കിൽ കാട്ടുപന്നിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. കയരളം മേച്ചേരിയിലെ പാച്ചേനി കുഞ്ഞിരാമൻ സ്മാരക വായനശാലയ്ക്കു സമീപത്തെ തൂണോളി അക്ഷയ് (22), പയ്യമ്മാർകണ്ടി പ്രണവ് (23) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.
ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. കുറ്റ്യാട്ടൂർ മുച്ചിലോട്ട് കാവ് കളിയാട്ടത്തിൽ പങ്കെടുത്ത് ബൈക്കിൽ മടങ്ങിയതായിരുന്നു ഇരുവരും. ഓടിയെത്തിയ രണ്ട് കാട്ടുപന്നികളിലൊന്നാണ് ബൈക്കിനെയിടിച്ച് തെറിപ്പിച്ചത്. അപകടത്തിൽ പരിക്കേറ്റ കാട്ടുപന്നി വെളുപ്പിന് ചത്തു.
ഇടിയുടെ ശബ്ദം കേട്ടെത്തിയ സമീപത്തെ എം.വി.രാധാകൃഷ്ണൻ, എം.വി.കുഞ്ഞിരാമൻ നമ്പ്യാർ എന്നിവരാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്. ചത്ത പന്നിയെ തളിപ്പറമ്പിൽ നിന്നെത്തിയ വനംവകുപ്പ് അധികൃതർ മറവുചെയ്തു.