ന്യൂഡൽഹി: കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സേന മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും സംസ്കാര ചടങ്ങുകള്‍ നാളെ നടക്കും.ഇന്ന് വൈകിട്ടോടെ സൈനിക വിമാനത്തില്‍ ഇവരുടെ മൃതദേഹങ്ങള്‍ ദില്ലിയില്‍ എത്തിക്കും..സൈനിക വിമനത്തിലാകും ദില്ലിയില്‍ എത്തിക്കുക..നാളെ അദ്ദേഹത്തിന്റെ വീട്ടില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ ആളുകളെ അന്തിമോപചാരം അര്‍പ്പിക്കാന്‍ അനുവദിക്കും.
തുടര്‍ന്ന് കാമരാജ് മാര്‍ഗില്‍ നിന്ന് ദില്ലി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലേക്ക് മൃതശരീരം കൊണ്ടുപോകും. എല്ലാ ബഹുമതികളും നല്‍കിയാകും സംസ്കാര ചടങ്ങുകള്‍ നടക്കുക. അതേ സമയം ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ ഇന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവനയും നടത്തും.
ഇന്നലെ ഉച്ചയ്ക്കാണ് ഊട്ടിക്കു സമീപമുള്ള കുനൂരില്‍ സൈനിക വിമാനം തകര്‍ന്നുവീണത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍പ്പെട്ടവരില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് രക്ഷപ്പെട്ടതെന്ന് വ്യോമസേന അറിയിച്ചു.